തനിക്ക് കിട്ടേണ്ട പരിഗണന ഇല്ലാതാകുമോ എന്ന് ഭയന്നു; കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ കൊന്നത് പിതൃസഹോദരന്റെ മകള്‍


കണ്ണൂര്‍: കണ്ണൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പിതൃസഹോദരന്റെ മകള്‍. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛന്റെ ജേഷ്ഠന്റെ മകളാണ് കൊല നടത്തിയ പന്ത്രണ്ടുവയസുകാരി. കുഞ്ഞ് വളര്‍ന്നാല്‍ തനിക്ക് കിട്ടേണ്ട പരിഗണന ഇല്ലാതാകുമോ എന്ന് കുട്ടി ഭയപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതാണ് കുഞ്ഞിനെ കൊല നടത്താന്‍ പ്രേരിപ്പിച്ചത്. കുട്ടി കുറ്റം സമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞാണ് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ കൊല്ലപ്പെട്ടത്. മരിച്ച കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും പന്ത്രണ്ടുവയസുകാരിയെ സംശയമുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കൊല നടത്തിയ കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും തന്നോട് സ്‌നേഹം കുറഞ്ഞതായി കുട്ടി പറഞ്ഞു. കുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ പിരിഞ്ഞിരുന്നു. ഇതിന് ശേഷം അച്ഛന്‍ മരിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നത് പിതൃസഹോദരനായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന പിഞ്ചുകുഞ്ഞിനെ കാണാതാകുന്നത്. പിന്നീട് നടത്തിയ തിരച്ചിലില്‍ അടുത്തുള്ള കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും മാതാപിതാക്കളേയും പ്രദേശവാസികളേയും അടക്കം ചോദ്യം ചെയ്തു. മാതാപിതാക്കളാണ് കൊല നടത്തിയതെന്ന് ഒരുഘട്ടത്തില്‍ സംശയം ഉയര്‍ന്നിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് പെണ്‍കുട്ടിയാണെന്നുള്ള സംശയം കുഞ്ഞിന്റെ മാതാപിതാക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി കുറ്റം സമ്മതിച്ചത്. പെണ്‍കുട്ടിയെ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement