'മനോഭാവം മാറ്റാം, എല്ലാവര്‍ക്കും ചെവിയുടെയും കേള്‍വിയുടെയും പരിരക്ഷ ഉറപ്പാക്കാം ' എന്ന സന്ദേശവുമായി ലോക കേള്‍വി ദിനാചരണം ജില്ലയില്‍ വിപുലമായി സംഘടിപ്പിച്ചു. മുഴത്തടം ഗവ. യു.പി. സ്‌കൂളില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രവണ വൈകല്യം നേരത്തെ കണ്ടെത്തി കൃത്യമായി ചികിത്സിക്കണമെന്ന് അദേഹം പറഞ്ഞു. അത്യാവശ്യമുള്ളവര്‍ ശ്രവണ സഹായി ഉപയോഗിക്കണമെന്നും കൃത്യമായ രീതിയില്‍ സ്പീച്ച് തെറാപി നടത്തണമെന്നും മേയര്‍ പറഞ്ഞു. ദേശീയ ബധിരത നിയന്ത്രണ പദ്ധതി (എന്‍.പി.പി.സി.ഡി) കണ്ണൂര്‍ നോഡല്‍ ഓഫീസര്‍ ഡോ. ഷിത രമേഷ് അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍ കുമാര്‍ സന്ദേശം നല്‍കി. കേള്‍വി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഡോ. ഷിത രമേഷ് ക്ലാസെടുത്തു. പ്രൈമറി തലം വരെയുള്ള കുട്ടികള്‍ക്കുണ്ടായേക്കാവുന്ന കേള്‍വിക്കുറവിനെക്കുറിച്ചും അത് നേരത്തെ കണ്ടുപിടിച്ച് ചികിത്സ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അങ്കണവാടി, പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാരെയും രക്ഷിതാക്കളെയും ബോധവത്ക്കരിക്കുക എന്ന ക്യാമ്പയിനാണ് ഈ വര്‍ഷം സംസ്ഥാന തലത്തില്‍ നടത്തുന്നത്. മുഴത്തടം യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മനോജ് കുമാര്‍, പി.ടി.എ. പ്രസിഡന്റ് വി.പി അര്‍ഷിത, ദേശീയ ആരോഗ്യദൗത്യം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് (ഡി ആന്‍ഡ് സി) ബിന്‍സി രവീന്ദ്രന്‍, ജില്ലാ ആശുപത്രി ഓഡിയോളജിസ്റ്റ് ലിന്‍സി മേരി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
കേള്‍വിക്കുറവിന്റെ പ്രതിരോധ- പരിഹാര പ്രവര്‍ത്തനങ്ങള്‍
* കൃത്യസമയത്തുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കുക (അമ്മയ്ക്കും കുട്ടിയ്ക്കും)
* ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ ഉപയോഗിക്കുക
* മൂര്‍ച്ചയുള്ളതും കൂര്‍ത്തതുമായ വസ്തുക്കള്‍ ചെവിക്കുള്ളില്‍ ഇടാതിരിക്കുക
* ജലദോഷമോ ചുമയോ വന്നാല്‍ കുട്ടിയെക്കൊണ്ട് ശക്തിയായി മൂക്ക് ചീറ്റിക്കാതിരിക്കുക
* ചെവിയില്‍ എണ്ണയോ മറ്റ് ദ്രാവകങ്ങളോ ഒഴിക്കാതിരിക്കുക
* ഉച്ചത്തിലുള്ള ശബദം കേള്‍ക്കുന്നത് ഒഴിവാക്കുക. അത്തരം സ്ഥലങ്ങളില്‍ നിന്നും കുട്ടിയെ മാറ്റി നിര്‍ത്തുക
* ഉയര്‍ന്ന ശബ്ദമുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് ഇയര്‍ പ്ലഗ്/ ഇയര്‍ മഫ്സ് ഉപയോഗിക്കുക
* മലിനമായ വെള്ളത്തില്‍ മുങ്ങിക്കുളിക്കാതിരിക്കുക
* കുടുംബത്തില്‍ ആര്‍ക്കെിങ്കിലും പാരമ്പര്യമായ കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ നിര്‍ബന്ധമായും കുട്ടിയെ കേള്‍വി പരിശോധനയ്ക്ക് വിധേയമാക്കുക
* ചെവിയില്‍ ദ്വാരം ഉള്ളതായി കണ്ടെത്തിയാല്‍ അതില്‍ വെള്ളം കയറാതെ ശ്രദ്ധിക്കുക
* ചെവി സംബന്ധമായ പ്രശ്നങ്ങള്‍ കുട്ടികള്‍ക്കുണ്ടെങ്കില്‍ നിര്‍ബന്ധമായും ഇ.എന്‍.ടി ഡോക്ടറെ കാണുക
* കേള്‍വിക്കുറവ് കണ്ടെത്തിയാല്‍ ഒട്ടും വൈകാതെ തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുക
* ചെവിയിലുണ്ടാകുന്ന അണുബാധയ്ക്ക് ഡോക്ടറെ കണ്ട് യഥാസമയം ചികിത്സ തേടുക.
* കേള്‍വി സഹായി/ കോക്ലിയര്‍ ഇംപ്ലാന്റ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ അത് കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സ്പീച്ച്തെറാപ്പി ലഭ്യമാക്കുകയും ചെയ്യുക
* കുട്ടികളില്‍ സംസാരത്തിന് വ്യക്തത കുറവ് അനുഭവപ്പെട്ടാല്‍ ഇ.എന്‍.ടി ഡോക്ടര്‍/ സ്പീച്ച് തെറാപ്പിസ്റ്റിനെ സന്ദര്‍ശിക്കുക.
* പ്രാരംഭ ഇടപെടലുകള്‍ കാലതാമസം കൂടാതെ നടത്തുക.
إرسال تعليق