കണ്ണൂർ: ലഹരി മാഫിയയെ പിടിച്ചു കെട്ടാൻ പൊലീസും എക്സൈസും സജീവമായി രംഗത്ത് ഇറങ്ങിയതോടെ ജില്ലയിൽ 30 ദിവസത്തിനിടെ പിടിയിലായത് 511 പേർ.
പൊലീസിന്റെ ഡി ഹണ്ടിൽ 448 പേരും എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൽ 63 പേരുമാണ് അറസ്റ്റിലായത്. വടക്കൻ ജില്ലകളിൽ ഏറ്റവും അധികം അറസ്റ്റ് നടന്നത് കണ്ണൂരിലാണ്.
ഫെബ്രുവരി 22ന് ആരംഭിച്ച പൊലീസിന്റെ ഡി ഹണ്ട് ഓപ്പറേഷനിൽ ഈ മാസം 20 വരെ 438 കേസാണ് എടുത്തത്. 60 ഗ്രാം എംഡിഎംഎയും 76 കിലോഗ്രാം കഞ്ചാവും പിടികൂടി.
ഈ മാസം അഞ്ചിനാണ് എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ആരംഭിക്കുന്നത്. 59 കേസിൽ 4 കിലോ കഞ്ചാവും 3.76 ഗ്രാം എംഡിഎംഎയും എക്സൈസ് പിടികൂടി. വരുംദിവസം പൊലീസും എക്സൈസും സംയുക്ത പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി നിധിൻരാജ് പറഞ്ഞു.
ഒന്നിലധികം തവണ പിടിയിലാകുന്നവർക്ക് എതിരെ പൊലീസിന്റെ കാപ്പ നിയമവും എക്സൈസിന്റെ പിറ്റ് എൻഡിപിഎസ് നിയമവും ചുമത്തുന്നുമുണ്ട്.
കാപ്പ ചുമത്തിയാൽ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. പിറ്റ് എൻഡിപിഎസ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കും.
إرسال تعليق