എരഞ്ഞോളി അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു




കേരള സംസ്ഥാന സർക്കാരിന്റെ
അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തായി നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പ്രഖ്യാപിച്ചു.
ജീവിതനിലവാര സൂചികകള്‍, ആരോഗ്യവിദ്യാഭ്യാസ സൂചികകള്‍ തുടങ്ങി ഒരു സമൂഹത്തിന്‍റെ നിലവാരമളക്കുന്ന മിക്ക മാനകങ്ങളിലും കേരളം ഇന്ന് രാജ്യത്ത് മുന്‍ നിരയിലാണെന്ന് സ്പീക്കർ പറഞ്ഞു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി നാം നടത്തുന്ന പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാർ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം എല്ലാ സൂചികയിലും ഒന്നാമതാണ്. അതുകൊണ്ടാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട ധനവിഹിതം പോലും നൽകാതെ ശ്വാസംമുട്ടിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ 'ആരോഗ്യം ആനന്ദം' കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ലോഗോ സ്പീക്കർ എ എൻ ഷംസീർ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷയ്ക്ക് നൽകി പ്രകാശനം ചെയ്തു. ക്യാൻസർ ബോധവൽക്കരണ ക്യാമ്പയിൻ ശക്തിപ്പെടുത്തണമെന്നും സ്ത്രീകളിലെ ഗർഭാശയമുഖ, സ്തനാർബുദം പരിശോധനകൾക്ക് തയ്യാറാവണമെന്നും രോഗം മുൻകൂട്ടി കണ്ടെത്തി ചികിത്സയ്ക്ക് തയ്യാറാവണമെന്നും സ്പീക്കർ പറഞ്ഞു. ഭാവി തലശ്ശേരി അറിയപ്പെടാൻ പോകുന്നത് ലോകത്തിൽ തന്നെ അറിയപ്പെടുന്ന ക്യാൻസർ ചികിത്സ കേന്ദ്രം ഉള്ള സ്ഥലം എന്നായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
എരഞ്ഞോളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വേ പ്രവർത്തനങ്ങളിലൂടെയും വാർഡ് തലത്തിലുള്ള പ്രാഥമിക അന്വേഷണത്തിലൂടെയും അതിദാരിദ്ര്യത്തിൽപ്പെട്ട നാല് കുടുംബങ്ങളെ കണ്ടെത്തി പദ്ധതിയിൽ ഉൾപ്പെടുത്തി. ലൈഫ് മിഷൻ പദ്ധതിയിലൂടെ ഒരു കുടുംബത്തിന് ഭവന നിർമ്മാണവും, മറ്റു കുടുംബങ്ങൾക്ക് ആവശ്യമായ ചികിത്സ, ഭക്ഷണം തുടങ്ങിയവ നൽകിയുമാണ് അതിദാരിദ്ര്യത്തിൽ നിന്നും ഇവരെ മോചിപ്പിച്ചത്.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എംപി ശ്രീഷ അധ്യക്ഷയായി.
 ജില്ലാ പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിആർ വസന്തൻ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വിജു, പ്രൊജക്റ്റ് ഡയറക്ടർ ടി രാജേഷ് കുമാർ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെസ്സിൻ ടി കെ, സിഡിഎസ് ചെയർപേഴ്സൺ കെ സി പ്രീത, ആസൂത്രണ സമിതി ഉപാധ്യക്ഷ എ കെ രമ്യ, എ രമേശ് ബാബു, സജീവ് മാറോളി, എം സുനിൽകുമാർ, ടി ഷഫീക്ക്, പി പ്രസന്നൻ, രാമദാസ് കരിമ്പിൽ, എം. പി സാരജൻ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement