ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും കോടതി ചോദിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് വ്യക്തത ആവശ്യമാണെങ്കില്‍ വോട്ടിങ് യന്ത്രത്തിലെ രേഖകള്‍ നല്‍കേണ്ടതുണ്ടെന്നും ക്രമക്കേട് നടന്നിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്രമക്കേട് നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഫീസ് 40,000 രൂപ അധികമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് കുറയ്ക്കാന്‍ വേണ്ട നടപടിയുണ്ടാവണം. കേസില്‍ മാര്‍ച്ച് മൂന്നിന് വീണ്ടും വാദം കേള്‍ക്കും. അപ്പോഴേക്കും വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കണം.
إرسال تعليق