കണ്ണൂർ :- സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന വിദേശ തൊഴിൽ പദ്ധതിയിൽ പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽരഹിതരും ഏതെങ്കിലും വിദേശ രാജ്യത്തെ അംഗീകൃത തൊഴിൽ ദാതാവിൽ നിന്നും തൊഴിൽ നൽകുന്നതിന് ഓഫർ ലെറ്റർ ലഭിച്ചവരുമാകണം. നോർക്ക റൂട്ട്‌സ്, ഒഡേപെക് സ്ഥാപനങ്ങൾ സ്‌പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് പദ്ധതിയിൽ മുൻഗണന നൽകും. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ കൂടരുത്.
പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ടു ലക്ഷം രൂപയാണ്. അതിൽ ഒരു ലക്ഷം രൂപ വരെ അർഹരായവർക്ക് പട്ടികജാതി വികസന വകുപ്പ് അനുവദിച്ച തുകയിൽ നിന്നും സബ്സിഡിയായി അനുവദിക്കും. അമ്പത് വയസ്സ് കവിയാത്തവരും രണ്ടര ലക്ഷം രൂപയ്ക്കുള്ളിൽ കുടുംബ വാർഷിക വരുമാനമുള്ളവരുമായ അപേക്ഷകർക്ക് മാത്രമേ സബ്സിഡിക്ക് അർഹതയുണ്ടാകൂ. വായ്പയുടെ പലിശനിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലയളവ് മൂന്നു വർഷവുമാണ്. അപേക്ഷകർക്ക് വിദേശത്ത് തൊഴിൽ ചെയ്യുന്നതിനുള്ള വർക്ക് എഗ്രിമെന്റ്, വീസ, പാസ്‌പോർട്ട്, എമിഗ്രേഷൻ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ) എന്നിവ ലഭിച്ചിരിക്കണം. താൽപ്പര്യമുള്ള അപേക്ഷകർ അപേക്ഷാ ഫോറത്തിനും വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ അതതു ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
إرسال تعليق