സംസ്ഥാനത്തെ രണ്ടാമത്തെ സ്റ്റുഡൻറ്‌സ് സഭ കല്ല്യാശ്ശേരിയിൽ സംഘടിപ്പിക്കും




കേരള പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ രണ്ടാമത്തെ സ്റ്റുഡൻറ്‌സ് സഭ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ വിദ്യാർഥി സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതിനായി രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിച്ച പദ്ധതിയായ സ്റ്റുഡൻറ്‌സ് സഭ ആദ്യമായി സംഘടിപ്പിച്ചത് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിലായിരുന്നു. അടുത്തത് കല്ല്യാശ്ശേരിയിലും തൃത്താലയിലുമാണ്.
കല്ല്യാശ്ശേരി മണ്ഡലം സ്റ്റുഡൻറ്‌സ് സഭ ആലോചനാ യോഗം എരിപുരം പി സി സി ഹാളിൽ എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വരും തലമുറയുടെ വികസന പ്രതീക്ഷകൾ അറിയുന്നതിനാണ് സ്റ്റുഡൻറ്‌സ് സഭയെന്ന് എംഎൽഎ പറഞ്ഞു. വിദ്യാർഥികളുടെ അഭിപ്രായങ്ങളും സർഗാത്മക വിമർശനങ്ങളും ഉൾക്കൊണ്ട് അതിന് അനുസൃതമായ രീതിയിൽ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും എംഎൽഎ പറഞ്ഞു. എം വിജിൻ എംഎൽഎ ചെയർമാനും പാർലമെൻററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. യു സി ബിവീഷ് കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
പദ്ധതിയുടെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥി പ്രതിനിധികൾ വികസന പ്രശ്‌നങ്ങൾ, പ്രതീക്ഷകൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ മണ്ഡലത്തിലെ എം.എൽ.എ യുമായി പങ്കുവെക്കും.
ലക്ഷ്യങ്ങൾ  
മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട 10 പ്രധാനമേഖലകൾ കണ്ടെത്തി അവ ജനപ്രതിനിധികളുമായി പങ്കുവെക്കുക.
10 വ്യത്യസ്ത മേഖലകളിലെ ചർച്ചകൾ ശാസ്ത്രീയമായി ഏകോപിപ്പിക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നതിനുമായി വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുക.
വിദ്യാർഥികൾ മുന്നോട്ട് വെക്കുന്ന അഭിപ്രായങ്ങൾ, പ്രതീക്ഷകൾ, ആശയങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തുക.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെ ഉപയോഗപ്പെടുത്തി വികസന സർവ്വേ നടത്തുക.
മണ്ഡല വികസനവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനവുമായി സഹകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും എങ്ങനെയെന്ന് വിദ്യാർഥി സമൂഹത്തിന് അവബോധം നൽകുക.

തിരഞ്ഞെടുത്ത 10 പ്രധാനമേഖലകൾ
പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം, മാലിന്യ സംസ്‌കരണവും അവബോധവും, ജനാധിപത്യവും ഭരണഘടനാ അവബോധവും, കാർഷിക മേഖല, വനം, വന്യജീവി, പരിസ്ഥിതി, കല, സംസ്‌കാരം, വായനശാല, യൂത്ത് ക്ലബ്, ആരോഗ്യം, ആരോഗ്യശീലങ്ങൾ, കുടിവെള്ളം, ജലസേചനം, ഗതാഗത സൗകര്യം, പാലം, റോഡ്, ടൂറിസം, പട്ടികജാതി, പട്ടികവർഗം, പിന്നാക്ക ക്ഷേമം

സ്റ്റുഡൻറ്‌സ് സഭ എങ്ങനെ
സ്റ്റുഡൻറ്‌സ് സഭ സംഘടിപ്പിക്കുന്നതിന് മുമ്പ് വിവിധ സ്‌കൂൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെ പരിപാടിയിലേക്ക് തിരഞ്ഞെടുക്കും. സ്റ്റുഡൻറ് സഭയിൽ വിദ്യാർഥികളെ 10 ഗ്രൂപ്പുകളിലായി തിരിച്ച് മണ്ഡല വികസനവുമായി ബന്ധപ്പെട്ട 10 വിഷയങ്ങളിൽ ചർച്ച നടത്തും.
ചർച്ചകൾക്ക് ശേഷം വിദ്യാർഥികൾ അവരുടെ പ്രതീക്ഷകൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ ജനപ്രതിനിധിയുമായി പങ്കുവെക്കും.
സ്റ്റുഡൻറ്‌സ് സഭയിൽ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി, സ്റ്റുഡൻറ്‌സ് സഭയിൽ ഉയർന്നു വന്ന നിർദേശങ്ങളെ സംബന്ധിച്ച പ്രവർത്തന പുരോഗതി മനസ്സിലാക്കുന്നതിനും അത് സംബന്ധിച്ച് എംഎൽഎയുമായി ചർച്ച നടത്തുന്നതിനും വേണ്ടി രൂപീകരിക്കും.  
കമ്മിറ്റിയംഗങ്ങൾ തുടർപ്രവർത്തങ്ങളുടെ ഭാഗമായി മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ചകൾ നടത്തും.
സ്റ്റുഡൻറ്‌സ് സഭയുടെ ഭാഗമായി ഇന്ത്യൻ ജനാധിപത്യം, ഭരണഘടന, തദ്ദേശസ്വയംഭരണം - കേരളാ മാതൃക എന്നീ മേഖലകളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു ക്വിസ് പ്രോഗ്രാമും സംഘടിപ്പിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യേണ്ടത്
സ്റ്റുഡൻറ്‌സ് സഭയിൽ പങ്കെടുക്കുന്നതിന് വേണ്ടി മൂന്ന് വിദ്യാർത്ഥികളെ വീതം ഓരോ സ്ഥാപനവും തെരഞ്ഞെടുക്കണം. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി സ്ഥാപനങ്ങൾക്ക് ഉപന്യാസം, ക്വിസ് എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്താം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് മണ്ഡലത്തെക്കുറിച്ചും മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കണം.
'എന്റെ സ്വന്തം കല്ല്യാശ്ശേരി' എന്ന വിഷയത്തിൽ അഞ്ച് മിനുട്ടിൽ കവിയാത്ത മൊബൈൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കും. ഒരു സ്ഥാപനത്തിൽ നിന്നും ഒരു ഷോർട്ട് ഫിലിം നൽകാം. ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിജയികളുടെ ഷോർട്ട് ഫിലിം സ്റ്റുഡൻറ്‌സ് സഭ നടക്കുന്ന ദിവസം പ്രദർശിപ്പിക്കും. വിജയികൾക്ക് സമ്മാനം നൽകും. സ്റ്റുഡൻസ് സഭയുടെ ഏകോപനത്തിനായി ഒരു അധ്യാപക കോ-ഓർഡിനേറ്ററെ ഓരോ വിദ്യാഭ്യാസ സ്ഥാപനവും നിശ്ചയിക്കേണ്ടതാണ്.
ആലോചനാ യോഗത്തിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ അധ്യക്ഷനായി. പാർലമെൻററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. യു സി ബിവീഷ്, പാർലമെൻറി കാര്യ വകുപ്പ് അഡീഷനൽ സെക്രട്ടറി എം എസ് ഇർഷാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി ഗോവിന്ദൻ, എം ശ്രീധരൻ, സഹീദ് കായിക്കാരൻ, കെ ഫാരിഷ, ടി ടി ബാലകൃഷ്ണൻ, ടി സുലജജ, ടി നിഷ, കെ രതി, പി ശ്രീമതി, വിദ്യാകിരണം മിഷൻ കോ ഓർഡിനേറ്റർ കെ സി സുധീർ, മാടായി എഇഒ പി രാജൻ, കെ ഉണ്ണികൃഷ്ണൻ (കണ്ണൂർ ഡയറ്റ്), മാടായി ബിപിഒ എം വി വിനോദ്കുമാർ, പ്രിൻസിപ്പൽ ഫോറം കൺവീനർ ഡോ. എൻ രാജേഷ്, ഹൈസ്‌കൂൾ എച്ച്എം ഫോറം കൺവീനർ സുബൈർ, പ്രൈമറി എച്ച്എം ഫോറം കൺവീനർ കെ കെ സുരേഷ്, ടിവി ഗണേഷൻ, സുരേഷ് ബാബു (കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമിതി) എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement