റേഷൻകട സമരം പിൻവലിച്ചതിൽ നാട്ടുകാർക്ക് ആശ്വാസം



റേഷൻ വ്യാപാരികൾ നടത്തിയ സമരത്തെത്തുടർന്ന് ജില്ലയിലെ റേഷൻവ്യാപാരം സ്തംഭിച്ചു. ആകെയുള്ള 877 കടകളിൽ ആറെണ്ണം മാത്രമാണ് തിങ്കളാഴ്ച തുറന്നത്. കണ്ണൂർ താലൂക്കിൽ അഞ്ചെണ്ണവും തലശ്ശേരി താലൂക്കിൽ ഒന്നും പ്രവർത്തിച്ചു.തലശ്ശേരിയിൽ തുറന്ന കടയിൽ പോലീസ് അകമ്പടിയോടെയാണ് റേഷൻ സാധനങ്ങൾ ഇറക്കിയത്. കടയടപ്പ് സമരം നടത്തിയ വ്യാപാരികൾ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും നടത്തി. 

ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെത്തുടർന്ന് വൈകുന്നേരത്തോടെ സമരം പിൻവലിച്ചത് ജനങ്ങൾക്ക് ആശ്വാസമായി.റേഷൻവിതരണ കരാറുകാരുടെ സമരത്തെത്തുടർന്ന്‌ റേഷൻകടകൾ പലതും കാലിയായിരുന്നു. കടകളിലെത്തുന്നവരെ തിരിച്ചയക്കേണ്ട അവസ്ഥയിലായിരുന്നു വ്യാപാരികൾ. ഇതിന് പിറകെയാണ് തിങ്കളാഴ്ച വ്യാപാരികളും സമരത്തിന് ഇറങ്ങിയത്. സമരം പിൻവലിച്ചതോടെ ഇന്ന് മുതൽ എല്ലാ റേഷൻകടകളും തുറന്നു പ്രവർത്തിക്കും. റേഷൻ സാധനവിതരണം അടുത്ത ദിവസങ്ങളിൽ സാധാരണ നിലയിലാകുമെന്നാണ് കരുതുന്നത്.റേഷൻകടകളിൽ സാധനങ്ങളില്ലാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച 10-ന് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement