കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 35ാമത് ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ 35 പോയിൻറ് നേടി ഹരിയാനയും പുരുഷ വിഭാഗത്തിൽ 25 പോയിന്റ് നേടി സർവീസസും ഓവറോൾ ചാമ്പ്യൻമാരായി.
വനിതാ വിഭാഗത്തിൽ 16 പോയിന്റോടെ മണിപ്പൂർ രണ്ടാം സ്ഥാനവും 10 പോയിന്റോടെ തമിഴ്‌നാട് മൂന്നാം സ്ഥാനവും നേടി. പഞ്ചാബ് ഒൻപത് പോയിൻറും ചത്തീസ്ഗഡ് ആറ് പോയിൻറും കേരളവും ജമ്മു കശ്മീരും അഞ്ച് പോയിൻറ് വീതവും നേടി. ചണ്ഡീഗഡ് നാല് പോയിൻറും മഹാരാഷ്ട്ര മൂന്ന് പോയിൻറും നേടി.
പുരുഷ വിഭാഗത്തിൽ 18 പോയിന്റോടെ മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 16 പോയിന്റോടെ ഹരിയാന മൂന്നാം സ്ഥാനവും നേടി. തമിഴ്നാട് 10, മണിപ്പൂർ ഒൻപത് പോയിന്റും പഞ്ചാബ്, ജമ്മു-കാശ്മീർ അഞ്ച് പോയിൻറ് വീതവും നേടി. ഗുജറാത്ത് മൂന്നും ബീഹാർ രണ്ടു പോയിന്റും നേടി.
നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ നാലു ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ട്രോഫികൾ വിതരണം ചെയ്തു.
സംസ്ഥാനത്ത് കായിക മത്സരങ്ങൾ നടത്തുന്നതിനുള്ള ഫണ്ടിന്റെ അപര്യാപ്തക്ക് കൂട്ടായ പരിശ്രമത്തിലൂടെ പരിഹാരം കാണണമെന്ന് ഏഷ്യൻ ഫെൻസിങ് അസോസിയേഷനോടും ഒളിമ്പിക് അസോസിയേഷനോടും സ്പീക്കർ ആവശ്യപ്പെട്ടു. ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് യാതൊരുവിധ പരാതികളുമില്ലാതെ കണ്ണൂരിൽ നടത്താനായതിൽ സംഘാടകരെ സ്പീക്കർ അഭിനന്ദിച്ചു.
സംഘാടകസമിതി ചെയർമാൻ കൂടിയായ കെ.വി സുമേഷ് എംഎൽഎ അധ്യക്ഷനായിരുന്നു. ഫെൻസിംഗ് കോൺഫഡറേഷൻ ഓഫ് ഏഷ്യ സെക്രട്ടറി ജനറൽ രാജീവ് മേത്ത, തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ വിശിഷ്ടാതിഥികളായി.
ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ, ബോക്സിംഗ് ഡെവലപ്മെന്റ് കമ്മിറ്റി ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഡോ എൻ.കെ സൂരജ്, ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ ട്രഷറർ ബഷീർ അഹമ്മദ് ഖാൻ, മുൻ എംഎൽഎ ടിവി രാജേഷ്, കേരള ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റ് ഒ കെ വിനീഷ്, സെക്രട്ടറി മുജീബ് റഹ്‌മാൻ, കണ്ണൂർ ഫെൻസിങ് അസോസിയേഷൻ സെക്രട്ടറി ജയകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق