ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് കോടതിയില്‍ പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ല. മാനസാന്തരത്തിന് സാധ്യതയുണ്ട്. പല സാക്ഷി മൊഴികളിലും വൈരുധ്യമുണ്ട് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഐഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ അടക്കം 14 പേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതിയായ സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ ഉള്‍പ്പടെ എട്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. ടി രഞ്ജിത്ത്, എ സുരേന്ദ്രന്‍ എന്നിവര്‍ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി. രണ്ടാം പ്രതിയെ പൊലീസ്‌കസ്റ്റഡിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ ചുമത്തിയത്. പരമാവധി രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 24 പ്രതികളില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.
ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആദ്യം ലോക്കല്‍ പൊലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കാണിച്ച് ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. പെരിയയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികള്‍ സിപിഐഎം ബന്ധമുള്ളവരാണെന്നും കോണ്‍ഗ്രസ് അന്ന് തന്നെ ആരോപിച്ചിരുന്നു.
إرسال تعليق