കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ ഹിയറിങ്ങിൽ 54 പരാതികൾ പരിഗണിച്ചു. ഇതിൽ 32 പരാതികൾ പരിഹരിച്ചു. വിശദമായ ഉത്തരവ് നൽകുന്നതിനായി അഞ്ച് പരാതികൾ മാറ്റിവെച്ചു. തുടർനടപടികൾക്കായി 17 പരാതികളും മാറ്റിവെച്ചു.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ പന്നിയോട് കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സം നേരിടുന്ന വിധത്തിൽ യാത്ര ചെയ്യാൻ പറ്റാതെ നടപ്പാലം തകർന്നതുൾപ്പെടെ കുട്ടികളുടെ യാത്രാപ്രശ്‌നങ്ങൾ പരിഗണിച്ചു. ഭിന്നശേഷിയുള്ള കുട്ടിയുടെ വീട്ടിൽ വെള്ളം കയറുന്നത് സംബന്ധിച്ച പരാതി ലഭിച്ചു. കമ്മീഷൻ ഇടപെടലിലൂടെ ഒരു കുട്ടിക്ക് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചു. കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പൽ കമ്മീഷൻ മുമ്പാകെ ഹാജരായി. ഇനി പോലീസിൽനിന്നും ഡയറക്ടറേറ്റിൽനിന്നും മറുപടി ലഭ്യമായ ശേഷം കമ്മീഷൻ നടപടി സ്വീകരിക്കും.
കുട്ടികൾക്കിടയിൽ അക്രമപ്രവർത്തനം കൂടുന്നതിന് കാരണം സിനിമകളും മറ്റും മാത്രമാണെന്ന് കരുതുന്നില്ലെന്ന് ചെയർമാൻ പറഞ്ഞു. വീടുകളിൽനിന്നുള്ള പാരൻറിംഗിന്റെ അഭാവവും സ്‌കൂളുകളിലെ സമ്മർദ്ദങ്ങളും ഇതിന് കാരണമാവുന്നുണ്ടാവാം. കൗമാരകാലത്തിന്റേതായ നിരവധി പ്രശ്‌നങ്ങൾ കുട്ടികൾ അനുഭവിക്കുന്നുണ്ട്.
ടെലിവിഷൻ സീരിയൽ സംബന്ധിച്ച് ഒരു പരാതി കമ്മീഷൻ മുമ്പാകെ ലഭിച്ചിട്ടുണ്ട്. കുട്ടികൾ സീരിയലുകൾ കണ്ട് അഡിക്ഷൻ പോലെ ആവുന്നു എന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിച്ചത്. ഈ പരാതി ഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നത്. ഇതിൽ എന്തൊക്കെ നിയന്ത്രണം കൊണ്ടുവരാൻ കഴിയും എന്നാണ് കമ്മീഷൻ ആലോചിക്കുന്നത്. അതിനാവശ്യമായ നിർദേശങ്ങൾ സർക്കാറിന് സമർപ്പിക്കും. മീഡിയ ഗൈഡ് ലൈൻ, ഗുഡ് പാരൻറിംഗ് പദ്ധതി, ചിൽഡ്രൻസ് കോൺക്ലേവ് തുടങ്ങിയ പരിപാടികൾ കമ്മീഷൻ നടപ്പിലാക്കുന്നുണ്ട്.
കുടുംബ കോടതികളിൽ കേസ് ഫയൽ ചെയ്ത രക്ഷിതാക്കളുടെ കുട്ടികൾ വലിയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതായി കമ്മീഷൻ നേരിട്ട് നടത്തിയ സർവ്വേയിൽ കണ്ടെത്തി. കുട്ടികളെ ഇത് മാനസിക സമ്മർദ്ദത്തിലാഴ്ത്തുന്നു. കുട്ടികളുടെ അഭിപ്രായങ്ങൾ കൂടി കോടതികൾ പരിഗണിക്കുന്ന സാഹചര്യമുണ്ടാവണം തുടങ്ങിയ അഭിപ്രായങ്ങൾ അടങ്ങുന്ന പഠന റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു. കമ്മീഷൻ അംഗം ബി. മോഹൻകുമാറും ഹിയറിങ്ങിൽ പങ്കെടുത്തു.
إرسال تعليق