കൂത്തുപറമ്പ താലൂക് ആശുപത്രിയിൽ സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്യുന്ന സർജനെ അന്യായമായി സ്ഥലം മാറ്റിയ നടപടിയിൽ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ ശക്തമായി പ്രതിഷേധിക്കുന്നു. താമസ സ്ഥലത്തു സ്വകാര്യ പ്രാക്ടീസ് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്ക് അനുവദനീയമായിരിക്കെ, തന്റെ സ്വന്തം താമസ സ്ഥലത്തലാതെ വേറെവിടെയും നാളിതുവരെ പരിശോധന നടത്തിയിട്ടില്ലാത്ത ഡോക്‌ടറെ ആശുപത്രിക്കു സമീപം ക്ലിനിക്കിൽ വെച്ചു സ്വകാര്യ പ്രാക്ടീസ് നടത്തി എന്ന വിജിലൻസ് റിപോർട്ടുണ്ട് എന്ന പേര് പറഞ്ഞാണ് ജില്ലക്ക് പുറത്തു പെരുമ്പാവൂർ താലൂക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഡോക്ടറുടെ മൊഴി എടുക്കുകയോ വിശദീകരണം തേടുകയോ ചെയ്യാതെ തീർത്തും ഏകപക്ഷീയമായാണ് ഈ നടപടി ഉണ്ടായിരിക്കുന്നത് അതീവ ഗൗരവതരമാണ്. ഡോക്ടർക്കെതിരെ നിലവിൽ പൊതുജനങ്ങളിൽ നിന്നോ ഭരണാധികാരികളിൽ നിന്നോ യാതൊരു പരാതിയും നിലവിൽ ഇല്ലാ എന്നുള്ളതും പ്രത്യേക പരാമർശം അർഹിക്കുന്നു.
സംസ്ഥാനത്തു തന്നെ ഏറ്റവും അധികം രോഗികൾ ചികിത്സ തേടി എത്തുന്ന താലൂക് ആശുപത്രികളിൽ ഒന്നായ കൂത്തുപറമ്പ് താലൂക് ആശുപത്രിയിൽ നിലവിൽ തന്നെ ഡോക്ടർമാരുടെ അഭാവം രൂക്ഷമാണ്. ദിനേന ആയിരക്കണക്കിന് രോഗികള്‍ വന്നു പോകുന്ന ഈ ആശുപത്രിയില്‍ ആകെ അനുവദിച്ച തസ്തികകള്‍ 16 ആണ്. അതില്‍ തന്നെ 6 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുക ആണ്. അത്യാഹിത വിഭാഗത്തിലെ 4 കാഷ്വലറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്ഥികകയില്‍ 3 എണ്ണവും ഒഴിവാണ്.
ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ സാമാന്യ നീതിക്കു വിരുദ്ധമായി സ്ഥാപനത്തിലെ ഏക സർജനെ സ്ഥലം മാറ്റിയത് സ്ഥാപനത്തിന്റെ ദൈനം ദിന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതാണ്. മാനവ വിഭവ ശേഷിയിലെ പരിമിതികൾ കൊണ്ട് വീർപ്പുമുട്ടുന്ന ജില്ലയിലെ ആരോഗ്യമേഖല പരിക്കുകളില്ലാതെ മുന്നോട്ടു നീങ്ങുന്നത് ഡോക്ടർമാരുടെ പ്രതിബദ്ധതയും സേവന മനോഭാവവും കൊണ്ട് മാത്രമാണ്.
നിലവിൽ 85 ഓളം ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്ന ജില്ലയിൽ പേരാവൂർ താലൂക് ആശുപത്രി, ഇരിവെരി സാമൂഹിക കേന്ദ്രം ഉൾപ്പെടെ പലസ്ഥാപനങ്ങളും അത്യാഹിത വിഭാഗവും, രാത്രികാല പ്രവർത്തനവും നിർത്തി വച്ചിരിക്കുകയാണ്. മറ്റു പല സ്ഥാപനങ്ങളും സമാനസാഹചര്യത്തിലേക്കു നീങ്ങി കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ അന്യായമായി ഡോക്ടറെ മറ്റു ജില്ലയിലേക്ക് സ്ഥലം മാറ്റിയ നടപടി ഡോക്ടർമാരുടെ മനോവീര്യം കെടുത്തുന്നതാണെന്നും ഈ ഉത്തരവ് റദ്ദ് ചെയ്ത് ഡോക്ടറെ കൂത്തുപറമ്പ് ആശുപത്രിയിൽ പുനർനിയമിക്കണം എന്നും സംഘടന ആവശ്യപ്പെടുന്നു.
إرسال تعليق