തളിപ്പറമ്പിലെ മഞ്ഞപ്പിത്തത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം : ഉറവിടം സ്വകാര്യ കുടിവെള്ളവിതരണകമ്പനി



കണ്ണൂർ: തളിപ്പറമ്പ് നഗരസഭയിൽ പടർന്നുപിടിച്ച മഞ്ഞപിത്തം (ഹെപ്പറൈറ്റീസ് എ) കേസുകളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണം എത്തി നിൽക്കുന്നത് സ്വകാര്യ കുടിവെള്ള വിതരണക്കാരിൽ. ജാഫർ വാട്ടർ സപ്ലൈ എന്ന കുടിവെള്ള കമ്പനി വിതരണം ചെയ്ത വെള്ളം ഉപയോഗിച്ചുവരുന്ന ഹോട്ടലുകളിൽ നിന്നും ജ്യൂസ് കടകളിൽ നിന്നുമാണ് ഭൂരിഭാഗം പേർക്കും മഞ്ഞപ്പിത്തം പിടിപെട്ടതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഈ സ്വകാര്യ ഏജൻസിയുടെ കുടിവെള്ള വിതരണം നിർത്താനും സാമ്പിൾ ടെസ്റ്റ്‌ ചെയ്യാനും തളിപ്പറമ്പ് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്.

തളിപ്പറമ്പിൽ ഈ വർഷം മേയ് മാസത്തിലാണ് മഞ്ഞപ്പിത്തം പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തത്. നിലവിലെ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 477 പേർക്ക് രോഗബാധയുണ്ട്. നവംബർ,ഡിസംബ‌ർ മാസങ്ങളിലായി 61 പുതിയ കേസുകളും റിപ്പോ‌ർട്ട് ചെയ്തു.

തളിപ്പറമ്പിൽ മേയ് മുതൽ മഞ്ഞപ്പിത്തബാധ : 363

ഡിസംബറിൽ മാത്രം: 84

മരണം: 3

നിർമ്മാണപ്രവൃത്തിക്കുള്ള വെള്ളം തന്നെ കുടിവെള്ളം

ഈ കുടിവെള്ള വിതരണകമ്പനി ഒരെ വെള്ളം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്കും കുടിവെള്ള ആവശ്യത്തിനായി ഹോട്ടലുകൾക്കും നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മലിനജലം കുടിവെള്ളമായി നൽകിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായും അധികൃതർ വ്യക്തമാക്കി.നേരത്തെ പരിയാരം കേന്ദ്രീകരിച്ച് വയറിളക്കം രോഗം പടർന്നപ്പോഴും ഇതെ കുടിവെള്ള കമ്പനി സംശയമുനയിലായിരുന്നു.അന്ന് കടന്നപ്പള്ളി പുഴയിൽ നിന്നും എടുത്ത വെള്ളം കുടിവെള്ളം ആയി വിതരണം ചെയ്തിരുന്നതായി വിവരം ലഭിച്ചിരുന്നുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.എന്നാൽ അതിൽ വ്യക്തത ലഭിക്കാത്തതിനാൽ നടപടിയിലേക്ക് പോയില്ല.

വാട്ടർ അതോറിറ്റി കണക്ഷൻ പേരിന്, ഉപയോഗിക്കുന്നത് വില കുറഞ്ഞ ജലം

നിലവിൽ തളിപ്പറമ്പ് മുനിസിപ്പാലിറ്റി പരിധിയിലുള്ള ഹോട്ടലുകളിൽ ജപ്പാൻ കുടിവെള്ളപദ്ധതിയുടെയോ, വാട്ടർ അതോറിറ്റിയുടോയോ കണക്ഷൻ ആണുള്ളത്. എന്നാൽ ലൈസൻസ് കിട്ടുന്നതിനുള്ള രേഖ മാത്രമാണ് പല സ്ഥാപനങ്ങൾക്കും ഈ കണക്ഷൻ.ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ഈ വെള്ളം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ബാക്കി ദിവസങ്ങളിൽ സ്വകാര്യ ഏജൻസിയിൽ നിന്നും ലഭിക്കുന്ന നിലവാരം പരിശോധിക്കാത്ത വെള്ളമാണ് ഉപയോഗിക്കുന്നത്.ഇത്തരം സ്ഥാപനങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് രോഗം പിടിപെട്ടതെന്നും ആരോഗ്യവകുപ്പ് പഠനം ചൂണ്ടിക്കാട്ടുന്നു.


വേണം കരുതൽ

  • രോഗം പകരുന്നതിന് കാരണം വ്യക്തിശുചിത്വത്തിലെ വീഴ്ച

  • തിളച്ച വെള്ളം മാത്രം ഉപയോഗിക്കണം

  •  ശുചിമുറിയിൽ ശുചിത്വം പാലിക്കണം

  • ഹാൻഡ് വാഷ്,സോപ്പ് എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം

Post a Comment

أحدث أقدم

Join Whatsapp

Advertisement