കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലെ ക്രിസ്മസ് പുതുവത്സര ഖാദി മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി. ഡിസംബർ 23 മുതൽ ജനുവരി നാല് വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അധ്യക്ഷനായി.
മേളകളിൽ ഖാദി വസ്ത്രങ്ങൾ 30 ശതമാനം ഗവ. റിബറ്റോടെയാണ് വിൽക്കുന്നത്. മേളയുടെ ഭാഗമായി ഖാദി സാരികൾക്ക് പ്രത്യേക കൗണ്ടർ തന്നെ ഒരുക്കിയിട്ടുണ്ട്. വിവിധ തരം കോട്ടൺ സാരികൾ, കലംകാരി സാരി, ടിഎൻആർ സിൽക്ക് സാരികൾ, ടസ്സറ സിൽക്ക്, പ്രിന്റഡ് സിൽക്ക്, പയ്യന്നൂർ പട്ട്, ശ്രീകൃഷ്ണപുരം സിൽക്ക് സാരികൾ എന്നിവയും മുണ്ടുകൾ, ബെഡുകൾ, ബെഡ്ഷീറ്റ്, കോട്ടൺ സിൽക്ക് ഷർട്ട് പീസുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവയും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഖാദി ഉൽപ്പന്നങ്ങളുടെ വിപണനത്തിനൊപ്പം പാരമ്പര്യ ഖാദിതൊഴിലാളികളെ സംരക്ഷിക്കുക കൂടി ഈ മേള ലക്ഷ്യം വെക്കുന്നു. പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ 30 ഖാദി കേന്ദ്രങ്ങളിൽ മേളകൾ നടക്കും.
ആദ്യ വിൽപന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രത്‌നകുമാരി നിർവഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ കെ ബിനി ഏറ്റുവാങ്ങി. ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം പദ്മചന്ദ്ര കുറുപ്പ്, കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, പയ്യന്നൂർ ഗാന്ധി കേന്ദ്രം ഡയറക്ടർ വി ഷിബു, ജില്ലാ ഖാദി പ്രൊജക്റ്റ് ഓഫീസർ ഷോളി ദേവസ്യ എന്നിവർ സംസാരിച്ചു.
إرسال تعليق