കാനാമ്പുഴ പുനരുജ്ജീവനം ഒന്നാം ഘട്ട ഉദ്ഘാടനം ഡിസംബർ 26ന് മുഖ്യമന്ത്രി നിർവ്വഹിക്കും



'കണ്ണൂർ കാലത്തിനൊപ്പം' എന്ന കണ്ണൂർ നിയോജക മണ്ഡലം വികസന പരിപാടിയിൽ ഉൾപ്പെടുത്തി കണ്ണൂർ കോർപ്പറേഷനിലെ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഡിസംബർ 26 വ്യാഴാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. നവകേരളം കർമ്മപദ്ധതി കോ ഓർഡിനേറ്റർ ഡോ. ടിഎൻ സീമ മുഖ്യപ്രഭാഷണം നടത്തും.
ഡിസംബർ 24, 25 തീയ്യതികളിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. ഡിസംബർ 24 ന് താഴെ ചൊവ്വ ഗവ. യു.പി. സ്‌കൂളിൽ കുട്ടികളുടെ ചിത്രരചനാ ക്യാമ്പ് നടത്തും. ഉച്ചക്ക് രണ്ടിന് മേലെ ചൊവ്വ സഹകരണ ബാങ്ക് ഹാളിൽ കാനമ്പുഴ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ സെമിനാർ നടത്തും. രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കാനാമ്പുഴ അതിജീവന സമിതി കൺവീനർ എൻ ചന്ദ്രൻ അധ്യക്ഷത വഹിക്കും.
കാനാമ്പുഴ: തുടർപ്രവർത്തനങ്ങളും സാധ്യതകളും, കാനാമ്പുഴ: കാർഷിക ഇടപെടൽ സാധ്യതകൾ , കാനാമ്പുഴ: മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങളിലെ ഇടപെടൽ സാധ്യതകൾ എന്നീ വിഷയങ്ങളിൽ അവതരണങ്ങൾ ഉണ്ടാവും. ഡിസംബർ 24 ന് വൈകീട്ട് നാലിന് താഴെ ചൊവ്വ ഗവ. യു.പി. സ്‌കൂളിൽ നടക്കുന്ന ഫോട്ടോ, ചിത്രം പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്യും.

പുനരുദ്ധാരണ പ്രവർത്തനങ്ങൾ

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി, ജലസേചന വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 4.40 കോടി രൂപ ഉപയോഗിച്ച് ചീപ്പ് പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡ് വരെയുള്ള കാനാമ്പുഴയുടെ ഭാഗങ്ങളിലും കണ്ണൂർ മണ്ഡലം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ഉപയോഗിച്ച് ചൊവ്വ റെയിൽവേ പാലം മുതൽ മണ്ടേൻവയൽ വരെയുള്ള ഭാഗങ്ങളിലുമാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടപ്പിലാക്കിയത്. ഈ പ്രവൃത്തി വഴി എളയാവൂർ, പെരിങ്ങളായി പാടശേഖരങ്ങളിലേക്കുള്ള ജലസേചന സൗകര്യം വർധിച്ചു. കാനാമ്പുഴയുടെ സൗന്ദര്യം വീണ്ടെടുക്കുകയും, പൊതുജനങ്ങൾക്ക് സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള കാൽനടയാത്രക്കായി നടപ്പാത നിർമ്മിക്കുകയും, അതുവഴി വിനോദ സഞ്ചാരസാധ്യത വർധിക്കുകയും ചെയ്തു.

കാർഷിക സംസ്‌കൃതിയുടെ വീണ്ടെടുപ്പ്

കാനാമ്പുഴ മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽനിന്ന് ഉദ്ഭവിച്ച് മാച്ചേരി, കാപ്പാട്, തിലാന്നൂർ, താഴെ ചൊവ്വ, കുറുവ, ആദികടലായി എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.
ഏതാണ്ട് 10 കിലോ മീറ്ററാണ് പുഴയുടെ ദൈർഘ്യം. പണ്ടു കാലങ്ങളിൽ അഴിമുഖം മുതൽ മുകൾഭാഗത്ത് തിലാന്നൂർ വരെ തോണികളിൽ ചരക്ക് കൊണ്ടുപോകാനും യാത്രയ്ക്കും ആളുകൾ പൊയ്‌ക്കൊണ്ടിരുന്നതായാണ് ചരിത്രം.
പുഴയിലേക്ക് നീരൊഴുക്ക് ഉണ്ടാക്കുന്ന നാല് നീർത്തടങ്ങളായ അയ്യപ്പൻ മല, കണ്ടമ്പേത്ത്, കൂടത്തും താഴെ, മുരടിക്കൽതാഴെ എന്നിവയിൽ നിന്നുള്ള ഉറവകളാണ് പുഴയായി പരിണമിച്ചിരുന്നത്.
കയ്യേറ്റങ്ങളും കരയിടിച്ചിൽ പോലുള്ള പ്രകൃതി ദുരന്തങ്ങളും മാലിന്യനിക്ഷേപവും കാരണം കാനാമ്പു നാശോൻമുഖമായി മാറി. നഗരത്തിലെ ഓടകളിൽ നിന്നുള്ള അഴുക്കു വെള്ളം പുഴയിലേക്ക് ഒഴുക്കി വിട്ടതിനാൽ ജലം ഉപയോഗ ശൂന്യമായി. മത്സ്യസമ്പത്ത് നശിച്ചു. വേനൽക്കാലത്ത് വറ്റിപ്പോകുന്നതിനാൽ സമീപത്തെ പാടശേഖരങ്ങളിൽ കൃഷി ഇല്ലാതായി.
പുഴയുടെ വീണ്ടെടുപ്പും പ്രകൃതിയുടെ സൗന്ദര്യവത്കരണവും നടത്തുന്നതിനൊപ്പം, മറഞ്ഞു പോകുന്ന കാർഷിക സംസ്‌കൃതിക്ക് ഈ മാറ്റം എങ്ങിനെ ഗുണകരമാക്കാമെന്നും ഈ പ്രവർത്തനത്തിലൂടെ തെളിയിച്ചിട്ടുണ്ട്.
കണ്ണൂർ കോർപ്പറേഷന്റെ എളയാവൂർ ചേലോറ മേഖലകളിലുള്ള പരന്നുകിടക്കുന്ന നെൽപ്പാടത്തിന്റെ നടുവിലൂടെയാണ് കാനാമ്പുഴയുടെ സഞ്ചാരം.
കാനാമ്പുഴയുടെ വികസന പദ്ധതിയിൽ ചീപ്പ് പാലം, കുടത്തിൻതാഴെ എന്നിവിടങ്ങളിലായി രണ്ട് വിസിബി പുതിയതായി പണിയുകയും തിലാനൂർ ബൈപാസിനടുത്തും പെരിങ്ങളായി ശിശു മന്ദിരത്തിനടുത്തും നേരത്തെ ഉണ്ടായിരുന്ന വിസിബിക്ക് ഷട്ടർ പണിയുകയും ചെയ്തത് മൂലം നീരൊഴുക്ക് നിയന്ത്രിച്ച് പുഴയുടെ ഇരുവശങ്ങളിലുമുള്ള നെൽപ്പാടങ്ങളുടെ ജലനിരപ്പ് നിയന്ത്രിക്കാൻ സാധിച്ചു. വളരെ വൈകി മാത്രം ചെയ്യാറുള്ള രണ്ടാം വിള നെൽകൃഷി നേരത്തെ ചെയ്യാനും മൂന്നാം വിളയായി പച്ചക്കറി ചെയ്യാനും കർഷകർക്ക് സാധിക്കുന്നു.
എളയാവൂർ, ചേലോറ മേഖലകളിൽ ഉണ്ടായിരുന്ന തരിശുനിലങ്ങളും കൃഷി ചെയ്യുവാൻ കർഷകർ മുന്നോട്ടു വന്നു. ഇതുമൂലം ഏകദേശം 100 ഏക്കറോളം ഉണ്ടായിരുന്ന നെൽകൃഷിയുടെ വിസ്തൃതി വർധിപ്പിക്കാൻ സാധിച്ചു.
വിസിബി ഉപയോഗിച്ച് വേനൽ കാലത്തു ജലം സംഭരിക്കുന്നതു മൂലം സമീപ പ്രദേശങ്ങളിലുള്ള 250 ൽ അധികം കിണറുകളുടെ ജലനിരപ്പ് വർധിക്കുകയും കൂടുതൽ കരപ്രദേശത്തും കൃഷി വ്യാപിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്.
പ്രകൃതിയുടെ സൗന്ദര്യവത്കരണത്തോടൊപ്പം മാഞ്ഞുപോകുന്ന കാർഷിക സംസ്‌കൃതിയെക്കൂടി തിരിച്ചുകൊണ്ടുവരുന്ന ഒരു മഹദ് പദ്ധതിയായി കാനാമ്പുഴ പുനരുജ്ജീവന പദ്ധതി മാറുകയാണ്. കേരളത്തിലെ നീർത്തട സംരക്ഷണ പദ്ധതികൾക്ക് ഒരു മാതൃകയാണ് ഇവിടെ രചിച്ചത്. പത്തുവർഷം മുന്നേ സമ്പൂർണമായി തരിശിട്ട പ്രദേശം. മാച്ചേരി മുതൽ താഴെ ചൊവ്വ വരെ സമ്പൂർണ്ണ നെൽകൃഷി ഇപ്പോൾ വ്യാപിപ്പിച്ചു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. ഏതാനും ചെറുപ്പക്കാരുടെ കർഷക കൂട്ടായ്മ നവകേരളത്തിന് ഈ പദ്ധതിയിലൂടെ പ്രതീക്ഷ നൽകുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement