ഇരിട്ടി: കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ ഇരിട്ടി എക്സൈസ് റേഞ്ച് സംഘം 100 ഗ്രാം എം ഡി എം എ പിടികൂടിയ കേസിൽ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. മാട്ടൂൽ മടക്കര കളത്തിൽ പറമ്പിൽ കെ.പി. സലിൽ കുമാറിനെ (30) യാണ് വടകര അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് (എൻ ഡി പി എസ് ) ജഡ്ജ് വി.ജി. ബിജു 10 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം തടവിനും ശിക്ഷിച്ചത്.
2023 മാർച്ച് 21 നായിരുന്നു കേസിനാസ്പദമായ സംഭവം. കിളിയന്തറയിൽ പ്രവർത്തിച്ചുവന്നിരുന്ന പഴയ എക്സൈസ് ചെക്ക് പോസ്റ്റിനു സമീപം ഇരിട്ടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സി. രജിത്തും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതി 100 ഗ്രാം എം ഡി എം എ യുമായി പിടിയിലാകുന്നത്. എൻ ഡി പി എസ് പ്രകാരം എടുത്ത കേസിൻ്റെ തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിച്ച എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനൻ, കണ്ണൂർ അസിസ്റ്റൻ്റ എക്സൈസ് കമ്മീഷണർ പി.എൽ. ഷിബു എന്നിവരാണ് നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ വി.കെ. ജോർജ് ആണ് കേസിൽ ഹാജരായത് .
إرسال تعليق