ഇരിട്ടി: മാസങ്ങളായി തകർന്ന് യാത്ര ദുഷ്കരമായി മാറിയ മാക്കൂട്ടം - പെരുമ്പാടി ചുരം റോഡിന്റെ നവീകരണ പ്രവർത്തിക്ക് തുടക്കമായി. തകർന്നു കിടക്കുന്ന അമ്മത്തി - സിദ്ധാപുരം, കരിക്കെ - ബാഗമണ്ഡലം റോഡുകളുടെ നവീകരണ പ്രവർത്തിയും ഇതോടൊപ്പം ആരംഭിച്ചു. പെരുമ്പാടിയിൽ നടന്ന പൂജാ കർമങ്ങൾക്കു ശേഷം ഈ റോഡുകളുടെ നവീകരണ പ്രവർത്തികളുടെ ഉദ്‌ഘാടനം വീരാജ്പേട്ട എംഎൽഎ എ. എസ്. പൊന്നണ്ണ നിർവഹിച്ചു.
25 കോടി രൂപ ചെലവിൽ കർണാടക മരാമത്ത് വിഭാഗമാണ് റോഡുകളുടെ നവീകരണ പ്രവർത്തി നടത്തുക. വീരാജ്പേട്ട നഗരസഭ വൈസ് പ്രസിഡൻ്റ് ഫസിയ തപ്‌സം, കൗൺസിലർമാരായ സി.കെ. പ്രത്വിനാഥ്, രഞ്ചി പൂണച്ച, ജലീൽ, സുണ്ടിക്കുപ്പ പഞ്ചായത്ത് അംഗം എം.ഇ. ഇബ്രാഹിം, ആർജി പഞ്ചായത്ത് അംഗം ഉപേന്ദ്രൻ, മരാമത്ത് അസിസ്‌റ്റൻ്റ് എൻജിനീയർ ലിങ്കരാജ് എന്നിവർ പ്രസംഗിച്ചു. പെരുമ്പാടി മുതൽ ആദ്യ 2.5 കിലോമീറ്ററിലും കൂട്ടുപുഴ മുതൽ ആദ്യ 2 കിലോമീറ്ററിലും വീതി കൂട്ടി മെക്കാഡം റിടാറിങ്ങും നടുഭാഗം 15.5 കിലോമീറ്ററിൽ ടാറിങ് അറ്റകുറ്റപ്പണിയും ആണ് നടത്തുന്നത്. അമ്മത്തി - സിദ്ധാപുരം 9 കിലോമീറ്റർ റോഡിൽ 4 കിലോമീറ്റർ റീടാറിങ്ങും ബാക്കി ഭാഗം ടാറിങ് അറ്റകുറ്റപ്പണിയും കരിക്കെ - ബാഗമണ്ഡല 16 കിലോമീറ്റർ റോഡിൽ 4 കിലോമീറ്റർ റീടാറിങ്ങും ബാക്കി ഭാഗം ടാറിങ് അറ്റകുറ്റപ്പണിയുമാണ് നടത്തുക. തലശ്ശേരി - മൈസൂർ റോഡിന്റെ ഭാഗമായ മാക്കൂട്ടം ചുരം റോഡ് ആകെ തകർന്ന് യാത്ര ദുഷ്കരമായ അവസ്ഥയിലായിട്ട് മാസങ്ങളായി. തകർന്നു കിടക്കുന്നബി റോഡിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും മണിക്കൂറുകളോളം വാഹനങ്ങളും യാത്രികരും കുടുങ്ങിക്കിടക്കുന്നതും നിത്യ സംഭവമായിരുന്നു. ഇത് സംബന്ധിച്ച് നിരവധി വാർത്തകളും മലയാള മാധ്യമങ്ങളിലും വന്നിരുന്നു. റോഡ് നവീകരിക്കുന്നതോടെ ഇതുവഴിയുള്ള യാത്ര പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും.
إرسال تعليق