അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങളിൽ ഒന്നാണ് മന്തുരോഗം അഥവാ ലിംഫാറ്റിക് ഫൈലേറിയാസിസ്. മന്തുരോഗം മാരകമല്ലെങ്കിലും അംഗവൈകല്യമുണ്ടാക്കുകയും ജീവിതം ദുരിതപൂർണമാക്കുകയും ചെയ്യുന്നു. ഈ രോഗികൾ ശാരീരികമായി വൈകല്യമുള്ളവർ മാത്രമല്ല, മാനസികവും സാമൂഹികവും സാമ്പത്തികവുമായ നഷ്ടങ്ങളും അനുഭവിക്കുന്നു. ഇത് സമൂഹത്തിൽ ഒറ്റപ്പെടാനും ദാരിദ്ര്യത്തിനും കാരണമാകുന്നു.
ഫൈലേറിഡെ കുടുംബത്തിലെ മൂന്നുതരം ഉരുണ്ട വിരകളാണ് മന്തുരോഗത്തിന് കാരണം. വുച്ചറേറിയ ബാൻക്രോഫ്‌റ്റൈ, ബ്രൂഗിയ മലായി എന്നീ വിരകളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ബാൻക്രോഫ്റ്റിയൻ ഫൈലേറിയാസിസ് ആണ് വ്യാപകമായി കാണപ്പെടുന്നത്.
മലിനജലത്തിൽ മുട്ടയിട്ട് വളരുന്ന ക്യൂലക്‌സ് ക്വിൻക്വിഫേഷിയാറ്റസ് കൊതുകുകളാണ് ബാൻ ക്രോഫ്റ്റിയൻ ഫൈലേറിയാസിസ് പരത്തുന്നത്. ആഫ്രിക്കൻ പായൽ (പിസ്റ്റിയ), കുളവാഴ തുടങ്ങിയ ജലസസ്യങ്ങളിൽ വളരുന്ന മാൻസോണിയ കൊതുകുകളാണ് ബ്രൂഗിയൻ ഫൈലേറിയാസിസ് പരത്തുന്നത്. രാത്രികാലങ്ങളിൽ കടിക്കുന്ന കൊതുകുകളാണിവ.
രോഗസംക്രമണം
മന്ത് രോഗവിരകൾ മനുഷ്യ ശരീരത്തിലെ ലസികാഗ്രന്ഥികളിലും കുഴലുകളിലും കാണപ്പെടുന്നു. പൂർണവളർച്ചയെത്തിയ വിരകൾ ദിവസേന ആയിരക്കണക്കിനു കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നു. രാത്രിസമയത്ത് മൈക്രോഫൈലേറിയ മനുഷ്യ ശരീരത്തിലെ ഉപരിതല രക്തപ്രവാഹത്തിൽ എത്തിച്ചേരുന്നു. ഇത്തരം ആൾക്കാരെ കൊതുക് കടിക്കുമ്പോൾ കൊതുകിന്റെ ശരീരത്തിലേക്ക് വിരകൾ പ്രവേശിക്കുന്നു. ഏഴ് മുതൽ 21 ദിവസം കൊണ്ട് കൊതുക് മറ്റൊരാളിലേക്ക് രോഗം പകർത്താൻ കഴിവുള്ളതാകുന്നു. പൂർണവളർച്ചയെത്തിയ വിരകൾ ലസികാവ്യൂഹത്തിൽ 10-15 വർഷം വരെ ജീവിക്കും. പക്ഷെ വിരകളുടെ പ്രത്യുത്പാദന കാലയളവ് 4-6 വർഷമാണ്.
രോഗലക്ഷണങ്ങൾ
പ്രാരംഭഘട്ടത്തിൽ യാതൊരു രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല. എന്നാൽ രോഗാണു ബാധയേറ്റ് വർഷങ്ങൾക്ക് ശേഷം ലസികാവ്യൂഹത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കുകയും കൈകാലുകളിൽ വീക്കം (ലിംഫഡിമ) ഉണ്ടാവുകയും തുടർന്ന് എലഫന്റിയാസിസ് എന്ന ഘട്ടത്തിലെത്തുകയും ചെയ്യുന്നു. കൂടാതെ സ്തനവീക്കം, വൃഷ്ണവീക്കം (ഹൈഡ്രോസീൽ) എന്നിവയ്ക്കും കാരണമാകുന്നു. കുളിര്, വിറയൽ, ശക്തമായ പനി, നീരുള്ളിടത്ത് ചുവന്ന തടിപ്പ് , വേദന, മനംപിരട്ടൽ, ചർദ്ദി തുടങ്ങിയവ കാണപ്പെടുന്നു. വീക്കം ബാധിച്ച ഭാഗത്തെ ചർമ്മത്തിൽ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ, വളംകടി, പൂപ്പൽ മുതലായവയിലൂടെ ശരീരത്തിനകത്ത് കടക്കുന്ന ബാക്ടീരിയകൾ വഴി മന്തുപനി ഉണ്ടാകുന്നു.
രോഗനിർണയം
രാത്രികാലങ്ങളിൽ ശേഖരിക്കുന്ന രക്ത സാമ്പിളുകൾ മൈക്രോസ്‌കോപ് പരിശോധന വഴി മൈക്രോഫൈലേറിയയുടെ സാന്നിധ്യം കണ്ടെത്താം. നീർവീക്കം വന്നു കഴിഞ്ഞാൽ രക്തപരിശോധനയിലൂടെയുള്ള രോഗനിർണയം ബുദ്ധിമുട്ടാണ്.
ചികിത്സ
ഡി.ഇ.സി. (ഡൈ ഈഥൈൽ കാർബമസീൻ സിട്രേറ്റ്) ഗുളികകൾ മൈക്രോഫൈലേറിയ വിരകളെയും ആൽബൻഡസോൾ ഗുളിക പൂർണ വളർച്ചയെത്തിയ വിരകളെയും നശിപ്പിക്കുന്നു. വീക്കം വന്നു കഴിഞ്ഞാൽ പ്രത്യേക ചികിത്സയില്ല, പ്രധാന പ്രതിവിധി രോഗതുരത കുറയ്ക്കാൻ വീക്കം വന്ന ഭാഗങ്ങളുടെ ശരിയായ പരിചരണമാണ്. വൃഷണ വീക്കം ലഘുസർജറിയിലൂടെ പരിഹരിക്കാവുന്നതാണ്.
നിയന്ത്രണ മാർഗ്ഗങ്ങൾ
കൊതുകുകടി ഒഴിവാക്കുന്നതിലൂടെ രോഗം വരുന്നത് തടയാം
* ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക
* കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ, കൊതുകുതിരികൾ ഉപയോഗിക്കുക
* ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക
* അഴുക്കുചാലുകൾ, ഓടകൾ തുടങ്ങിയവയിൽ മലിനജലം കെട്ടിക്കിടക്കാതെ നോക്കുക
* കുളം, കനാൽ എന്നിവിടങ്ങളിൽ നിന്നും ജലസസ്യങ്ങളായ ആഫ്രിക്കൻ പായൽ, കുളവാഴ എന്നിവ നീക്കം ചെയ്യുക
* സെപ്റ്റിക് ടാങ്കിന്റെയും മറ്റും വെന്റ് പൈപ്പിൽ കൊതുകുവല കെട്ടുക
ഓർക്കുക
രോഗലക്ഷണങ്ങൾ പുറമെ പ്രകടമാക്കാത്ത മന്തുരോഗത്തിൻറെ പ്രാരംഭഘട്ടത്തിൽ മാത്രമേ രോഗവാഹകരിൽ നിന്നും കൊതുകുകൾ വഴി മറ്റൊരാളിലേക്ക് രോഗം പകരുകയുള്ളൂ. നീർവീക്കം വന്നവരിൽ നിന്നും രോഗം പകരുന്നില്ല.
إرسال تعليق