ഇരിട്ടി: "ഇണ്ടൽതീർന്നൊരുവനിങ്ങിനേകയൽ-
ക്കണ്ണിമാരൊടുരചെയ്യുമോ
കണ്ടുകൊൾക ഫലമഞ്ജസാഭവാൻ
ഷണ്ഡനായിവരുമെന്നുനിർണ്ണയം" -
കാമമോഹിതയായ വാരാംഗനയുടെ ചാപല്യത്തെ അർഹിക്കുന്ന വെറുപ്പോടെ നിരസിക്കുന്ന മധ്യ പാണ്ഡവൻ അർജുനൻ്റെ ധീരതയും
തൻ്റെ പ്രണയാർഭ്യർഥന നിരസിച്ചതിൽ ഉണ്ടായ നാണവും താപവും കൊണ്ട് അർജുനനെ ശപിക്കുന്ന ദേവനർത്തകിയായ ഉർവശിയുടെയും വികാരനിർഭരമായ രംഗങ്ങൾ അരങ്ങത്തെത്തിയപ്പോൾ അത് ആസ്വാദക മനസ്സിനെ വേറൊരു ലോകത്തെത്തിച്ചു. ഭാരത സർക്കാർ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെൻ്റെർ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നടത്തിയ കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവത്തിൻ്റെ സമാപന ദിവസമാണ് കാലകേയവധത്തിൻ്റെ അവസാന ഭാഗം അരങ്ങിലെത്തിയത്. ഉർവശിയുടെ നിമിഷംതോറും മാറി വരുന്ന കാമവും പ്രണയചാപല്യവും നൈരാശ്യവും കോപവും തൻ്റെ അഭിനയ തികവ് കൊണ്ട് മാർഗി വിജയകുമാർ അന്വർഥമാക്കി. കാമമോഹിതയുടെ പ്രണയാഭ്യർഥനയ്ക്ക് ഒട്ടും വിലകൽപ്പിതെ പുച്ഛിച്ച് തള്ളുന്ന അർജുനൻ്റെ വീരസ്യത്തിന് കലാമണ്ഡലം ഷണ്മുഖൻ പകരം വെക്കാനാവാത്ത കഥകളി പ്രതിഭയായി അരങ്ങിൽ ശോഭിച്ചു. ഇന്ദ്രനായി കലാ. ആദിത്യനും, കാലകേയനായി കോട്ടക്കൽ ദേവദാസും, നിവാതകവച നായി കലാനിലയം വാസുദേവനും, ഭീരുവായി കലാ. അരുൺ കുമാറും, നന്ദികേശനായി കലാ. വിപിൻ ശങ്കറും രംഗത്തെത്തി.
വേദിയിലെ നടനങ്ങൾക്ക് പാട്ടിലൂടെ കലാ. ബാബു നമ്പൂതിരിയും, അജേഷ് പ്രഭാകറും, സദനം ശിവദാസും
ചെണ്ട കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം വേണു മോഹൻ, കലാമണ്ഡലം ശ്രീഹരി, മദ്ദളത്തിലൂടെ കലാമണ്ഡലം രാജനാരായണൻ, സദനം ദേവദാസ്, കലാമണ്ഡലം പ്രശാന്ത്, ഇടയ്ക്ക് കലാമണ്ഡലം അജിത് കുമാർ എന്നിവർ വേദിയെ സമ്പുഷ്ടമാക്കി.
എട്ടു ദിവസം നീണ്ടുനിന്ന കഥകളി മഹോത്സവം നടത്തിയ തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെൻ്റർ കാര്യദർശി കെ. ഗോപാലകൃഷ്ണനെയും നേതൃത്വം നൽകിയ പദ്മശ്രീ സദനം ബാലകൃഷ്ണനയും ഏകോപനം നിർവഹിച്ച ചെറുതുരുത്തി കഥകളി സ്കൂൾ സയറക്ടർ കലാ ഗോപാലകൃഷ്ണനെ ക്ഷേത്ര ഭരണസമിതി ആദരിച്ചു. ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ ക്ഷേത്രം ചെയർമാൻ എ. കെ. മനോഹരൻ, കെ. രാമചന്ദ്രൻ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.
إرسال تعليق