എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും: മന്ത്രി വി ശിവൻകുട്ടി



എട്ടാം ക്ലാസിൽ ഈ വർഷവും അടുത്ത വർഷം ഒമ്പതാം ക്ലാസിലും അതിന്റെ അടുത്ത വർഷം പത്താം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ശിക്ഷക്സദന്റെ നവീകരണംപൂർത്തീകരണത്തിന്റെയും പുതിയ ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതിന് എല്ലാ അധ്യാപകരുടെയും പിന്തുണയും സഹായവും മന്ത്രി അഭ്യർഥിച്ചു. നമ്മുടെ കുട്ടികൾ ഒരു വിഷയത്തിലും മോശപ്പെടാൻ പാടില്ല. എല്ലാ വിഷയത്തിലും മിനിമം മാർക്ക് വാങ്ങേണ്ടതായിട്ടുണ്ട്. ഏതെങ്കിലും ഒരു കുട്ടിക്ക് ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവും. ഓൾ പ്രമോഷനിൽ മാറ്റം വന്നാലേ മതിയാവൂ എന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി കുട്ടികളുടെ അധ്യാപകർ അവരെ സ്വന്തം മക്കളെ പോലെ പരിചരിക്കുന്നവരാണ്. സർക്കാർ/എയ്ഡഡ് മേഖലയിലെ ഈ അധ്യാപകർക്ക് കൂടുതൽ ആനുകൂല്യം നൽകുന്നതും സ്‌കൂളുകളിൽ കൂടുതൽ ഉപകരണങ്ങൾ നൽകുന്നതും സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
ഏകദേശം ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കണ്ണൂർ ശിക്ഷക്‌സദൻ നവീകരിച്ചത്. എയർ കണ്ടീഷൻ ചെയ്ത ഓഡിറ്റോറിയം, മിനി ഹാൾ, ഡൈനിംഗ് ഹാൾ, 14 ഡബ്ൾറൂം, ആറ് ഡോർമിറ്ററികൾ എന്നിവയാണ് സജ്ജീകരിച്ചത്. മൂന്ന് നിലകളിലായാണ് നിർമ്മാണം. ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അധ്യാപകർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിനുളള ശ്രമങ്ങൾ ഇനിയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സ്വാഗത നൃത്തം അവതരിപ്പിച്ച വിവിധ ബിആർസികൾക്ക് കീഴിലെ ഇൻക്ലൂസീവ് എജുക്കേഷൻ പദ്ധതിയിലെ കുട്ടികൾക്ക് മന്ത്രി ഉപഹാരം നൽകി. 
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ദേശീയ അധ്യാപകഫൗണ്ടേഷൻ കേരള അസി സെക്രട്ടറി ആർ സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ പി കെ അൻവർ, കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ എൻ ബാബു മഹേശ്വരി പ്രസാദ്, കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ രാജേഷ് കുമാർ, പയ്യന്നൂർ വിഎച്ച്എസ് സി അസി ഡയറക്ടർ ഉദയകുമാരി, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ കെ സി സുധീർ, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ സംസ്ഥാന പ്രവർത്തക സമിതി അംഗം കെ സി സ്നേഹശ്രീ, എകെ ബീന എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement