കണ്ണൂർ : തലശ്ശേരി - ബാവലി അന്തർസംസ്ഥാന പാതയിൽ റോഡ് പുനർ നിർമ്മാണ പ്രവർത്തിക്കിടെ മണ്ണടിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. പേര്യ ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് (62) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു ദുരന്തം. പേര്യ ചുരത്തിലെ നാലാം വളവിൽ റോഡ് പുനർ നിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിച്ചിൽ ഉണ്ടാവുകയായിരുന്നു. വലിയ പാറ കല്ലുകൾ ഇടിഞ്ഞു വീണതിനെ തുടർന്ന് നിർമ്മാണത്തിനായി സ്ഥാപിച്ചിരുന്ന കമ്പികെട്ട് തലയിൽ വീണാണ് അപകടം ഉണ്ടായത്. തില്ലങ്കേരി സ്വദേശി ബിനു, മട്ടന്നൂർ സ്വദേശി മനോജ് എന്നിവർക്ക് പരിക്കേറ്റു. കമ്പിക്കെട്ടിനുള്ളിൽ കുടുങ്ങിപ്പോയ മൂവരേയും കമ്പി മുറിച്ചാണ് മറ്റു തൊഴിലാളികൾ ചേർന്ന് പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പീറ്റർ മരത്തിന് കീഴടങ്ങുകയായിരുന്നു. മറ്റു രണ്ടുപേരും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ജൂലൈ 30നാണ് ചുരത്തിൽ വിള്ളൽ ഉണ്ടായത്. തുടർന്ന് ചുരം വഴിയുള്ള ഗതാഗതം നിരോധിക്കുകയും യുദ്ധകാല അടിസ്ഥാനത്തിൽ റോഡ് പുനർ നിർമ്മാണം ആരംഭിക്കുകയുമായിരുന്നു. റോഡ് പുനർ നിർമ്മാണ പ്രവർത്തനത്തിനിടെ പലതവണ മണ്ണിടിച്ചൽ ഉണ്ടായിരുന്നു. പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചാൽ തുടരുന്നുണ്ട്. നിടുംപൊയിൽ - മാനന്തവാടി റോഡ്
വഴിയുള്ള വാഹനഗതാഗതം വളരെ ദുഷ്കരമാണെന്നും മണ്ണിടിച്ചൽ തുടരുന്നതിനാൽ ഗതാഗതത്തിന് മറ്റു വഴികൾ കണ്ടെത്തേണ്ടതുണ്ടെന്നും കഴിഞ്ഞയാഴ്ച്ച പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ. ആർ. കേളു പൂളക്കുറ്റിയിൽ പറഞ്ഞിരുന്നു. നിർമാണ പ്രവർത്തിക്കിടെ മണ്ണിടിച്ചൽ തുടരുന്നത് റോഡ് പുനർ നിർമ്മാണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഭാര്യ :ജെസി. മക്കൾ : അമല്യ പീറ്റർ, മാക്സ് മില്യൻ പീറ്റർ. സംസ്കാരം ശനിയാഴ്ച്ച ചന്ദനത്തോട് ഉണ്ണി മിശിഹ ദേവാലയ സെമിത്തേരിയിൽ നടക്കും.
إرسال تعليق