അഴിമതി ആരോപണത്തിന് പിന്നാലെ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പി പി ദിവ്യക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി പ്രവർത്തകർ. കണ്ണൂരിൽ ടൗൺ പൊലീസ് സ്റ്റേഷന് മുൻപിൽ യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പി പി ദിവ്യക്കെതിരായ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കണ്ണൂർ കളക്ടറേറ്റിലേക്കായിരുന്നു ബിജെപിയുടെ മാർച്ച്. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പിന്നാലെ ഇവർക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാർ കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമം നടത്തിയിരുന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധക്കാർ പിന്മാറിയില്ല. ഇതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധക്കാർ എത്തിയയുടനെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചത് വാക്കേറ്റത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചു.
പരിയാരം മെഡിക്കല്‍ കോളേജിന് മുന്നിലായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. പരിയാരം മെഡിക്കൽ കോളേജിനെ പ്രതിഷേധം അറിയിക്കുകയാണ് ലക്ഷ്യമെന്നും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ടി വി പ്രശാന്തിനെ ജോലിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.
അതേസമയം പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഈ മാസം 24ലേക്ക് മാറ്റിയിട്ടുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.
إرسال تعليق