ഇരിട്ടി : തില്ലങ്കേരി ഈയംബോഡിലെ കെ . ശ്രീധരൻ ഒറ്റക്കാലിൽ ചാടി നടന്നാണ് തന്റെ കൃഷിയിടം പരിപാലിക്കുന്നത്. പാട്ടത്തിനെടുത്ത ഒരേക്കർ കൃഷിയിടത്തിൽ താൻ അധ്വാനിച്ച് കൃഷിചെയ്ത കപ്പയും വാഴയും മുഴുവൻ കാട്ടുപന്നികൾ കയറി നശിപ്പിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ തളർന്നിരിക്കുകയാണ് ശ്രീധരൻ.
ഓരോ ദിവസവും കാട്ടുപന്നിക്കൂട്ടം കപ്പക്കൃഷിത്തോട്ടത്തിലെത്തി നാശം വിതക്കുകയാണ്. ഇതിനകം ആയിരത്തിലധികം കപ്പകളാണ് കാട്ടുപന്നികൾ കുത്തിമറിച്ചിട്ട് നശിപ്പിച്ചത്. കാട്ടുപന്നി ശല്യമുള്ള സ്ഥലമായതിനാൽ ഇവയിൽ നിന്നും സംരക്ഷണത്തിനായി പതിനയ്യായിരം രൂപ ചിലവിൽ കൃഷിത്തോട്ടത്തിന് ചുറ്റും സംരക്ഷണ കവചം ഒക്കെ ഒരുക്കിയെങ്കിലും അതൊന്നും കാട്ടുപന്നിക്ക് ഒരു പ്രശ്നമല്ലാത്ത അവസ്ഥയാണ്.
ബി ജെ പി അനുഭാവിയാണ് ശ്രീധരൻ . 2011ൽ വീടിനടുത്തുണ്ടായ സംഘർഷത്തിനിടെ രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നതിനിടെ ഉണ്ടായ ബോംബെറിലാണ് ഇദ്ദേഹത്തിന്റെ ഒരു കാൽ നഷ്ടപ്പെട്ടത്. ഇപ്പോൾ വെപ്പുകാലിൽ ചാടിച്ചടിയാണ് തന്റെ കൃഷിയുടെ പരിചരണം ശ്രീധരൻ നടത്തുന്നത്. താൻ ജീവിത മാർഗ്ഗത്തിനായി ഏറെ സാഹസപ്പെട്ട് നടത്തുന്ന കൃഷി മുഴുവൻ ഇങ്ങിനെ കാട്ടുപന്നികൾ കൊണ്ടുപോകുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരിക്കുകയാണ് ശ്രീധരൻ. പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്ത് 80,000 രൂപ ലോണെടുത്താണ് കപ്പയും വാഴയും കൃഷി ചെയ്യുന്നത്. വർഷവും 8000 രൂപ വാരം നൽകുകയും വേണം. ഈ കാട്ടുപന്നികൾ കാരണം എങ്ങനെ കൃഷി ചെയ്യും എന്നാണ് ശ്രീധരൻ ചോദിക്കുന്നത്. ഇപ്പോൾ കാപ്പക്ക് പിറകെ വാഴകളും കാട്ടുപന്നികൾ കുത്തി മറിച്ചിടുകയാണ്. തൊട്ടടുത്ത കർഷകൻ ടി. കെ. കുഞ്ഞിരാമൻ്റെ കൃഷിയിടത്തിലെ കപ്പകളും വാഴകളും കാട്ടുപന്നി നശിപ്പിച്ചിട്ടുണ്ട്. കർഷകർക്ക് ശല്യമായി മാറിയ കാട്ടുപന്നികളെ പിടികൂടാൻ പഞ്ചായത്ത് അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും പറയുന്നത്.
إرسال تعليق