നടുറോഡിൽ കാട്ടാന; കണ്ണൂർ ചാക്കാട് മേഖലയിലെ ജനങ്ങൾ ഭീതിയിൽ



കണ്ണൂർ : അയ്യപ്പൻ കാവ് ചാക്കാട് മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി.ജനവാസ മേഖലയായ അയ്യപ്പൻ കാവ് - ഹാജിറോഡിലാണ് ഞായറാഴ്ച പുലർച്ചെ 2 മണിയോടെ കാട്ടാന ഇറങ്ങിയത്. ഇതുവഴി പോവുകയായിരുന്ന വാഹനയാത്രക്കാരാണ് റോഡിൽ കാട്ടാനയെ കാണുന്നത്. ഇവർ സമീപത്തെ വീട്ടുകാരെയും പോലീസിനെയും വനം വകുപ്പിനേയും വിവരമറിയിക്കുകയായിരുന്നു. വനപാലക സംഘം സ്ഥലത്തെത്തി ആനയെ ആറളം ഫാമിലേക്ക് കയറ്റി വിട്ടു.
മുഴക്കുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയായ വിളക്കോട്, ചാക്കാട് പ്രദേശങ്ങളിൽ അടുത്തകാലത്തായി കാട്ടാന ശല്യം രൂക്ഷമാണ്. ആറളം ഫാമിൽ നിന്നും പുഴകടന്നെത്തുന്ന കാട്ടാനകളാണ് കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ജനങ്ങളിൽ ഭീതി വിതക്കുകയും ചെയുന്നത്. ഒരാഴ്ച മുൻപും ആറളം പുഴകടന്നെത്തിയ കാട്ടാനകൾ പ്രദേശത്ത് വ്യാപക നാശനഷ്ടം വരുത്തിയിരുന്നു.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നും എത്തി ഫാമിന്റെ മേഖലകളിൽ തമ്പടിച്ചു കിടക്കുന്ന കാട്ടാനകൾആണ് ചാക്കാട്ടെ ജനവാസ കേന്ദ്രത്തിൽ എത്തുന്നത്. എടൂർ- മണത്തണ മലയോര ഹൈവേയോട് ചേർന്നുള്ള പുഴയോരത്തെ വീട്ടിന്റെ പിറക് വശം വരെ എത്തിയ ആനകൾ ഒരാഴ്ചമുമ്പ് വീടിന്റെ മതിൽ ഇടിക്കുകയും വാഴകൾ അടക്കമുള്ള കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
ആറളം വനത്തിൽ നിന്നും എത്തി നാശം വിതക്കുന്നത് നിത്യ സംഭവമായതോടെ നാട്ടുകാർ പിരിവെടുത്ത് പുഴാതിർത്തിയിൽ തൂക്ക് വേലി സ്ഥാപിച്ചിരുന്നു. ഏറെക്കാലം ആനശല്യത്തിന് പരിഹാരം ഉണ്ടായെങ്കിലും തകർന്ന തൂക്ക് വേലി പൂർവ്വ സ്ഥിതിയിലാക്കാനുള്ള നടപടികൾ ഇനിയും ഉണ്ടായിട്ടില്ല. പാലപ്പുഴയുടെ കൂടലാട് ഭാഗത്ത് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കൂറ്റൻ മരം ഒഴുകി വന്ന് പുഴക്ക് കുറുകെ കെട്ടി യിരുന്ന തൂക്ക് വേലി തകർന്നിരുന്നു. ഇതാണ് ഇതുവഴി ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് കടക്കുന്നതിന് ഇടയാക്കിയിരുന്നത്. കൂടലാട് പഴശ്ശിരാജ കളരിയുടെ സമീപത്തുനിന്നും ആരംഭിച്ച് പുഴ മുറിച്ചു കടത്തി അക്കരെ ആറളം പഞ്ചായത്തിലെ പറമ്പത്തെക്കണ്ടി കൊക്കോട് വരെ എത്തുന്ന ഫെൻസിങ്ങാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മരങ്ങൾ ഒഴുകിവന്ന് തടഞ്ഞത് മൂലം തകർന്നത്. തകർന്ന സോളാർ തൂക്കുവേലി പുനഃസ്ഥാപിച്ചില്ലെങ്കിൽ മേഖലയിലെ ആനശല്യം ഒരു തുടർക്കഥയായിത്തന്നെ തുടരുമെന്നാണ് പ്രദേശ വാസികൾ പറയുന്നത്. ഇതിനുള്ള നടപടി വനം വകുപ്പിന്റെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.

Post a Comment

أحدث أقدم

Join Whatsapp

Advertisement