ഇരിട്ടി : ആറളം പുനരധിവാസ മേഖലയുടെ സംരക്ഷണത്തിനായി ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ നിർമ്മിക്കുന്ന ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കണമെന്ന് പട്ടിക വർഗ്ഗ വികസന വകുപ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗത്തിന് നിർദ്ദേശം നൽകി. വര്ഷങ്ങളായി കാട്ടാനശല്യം മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ് നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് വനാതിർത്തിയിൽ ആന മതിൽ നിർമ്മാണം ആരംഭിച്ചത്. മതിൽ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനായി കളക്ടറുടെ മേൽനോട്ടത്തിൽ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി മേൽനോട്ട സമിതിയും രൂപീകരിച്ചിരുന്നു. എന്നിട്ടും 10 കിലോമീറ്ററിലേറെ വരുന്ന മതിൽ നിർമ്മാണം അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു . ഇതിനെത്തുടർന്ന് എസ് സി - എസ് ടി കമ്മീഷണർ ശേഖർ മിനിയോടന്റെ നേതൃത്വത്തിൽ ഫാമിൽ ചേർന്ന യോഗത്തിലാണ് മതിൽ നിർമ്മാണം വേഗത്തിലാക്കി മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത് .
നാല് കിലോമീറ്റർ മതിലിന്റെ നിർമ്മാണംകഴിഞ്ഞ മാർച്ചിൽ തീരേണ്ടതായിരുന്നെങ്കിലും രണ്ട് കിലോ മീറ്റർ മാത്രമാണ് ഇതുവരെ പൂർത്തിയായത് . ഇത്രയും ഭാഗം ഒക്ടോബർ പകുതിയോടെ പൂർത്തിയാക്കാനും ശേഷിക്കുന്ന ഏഴ് കിലോമീറ്ററോളം ഭാഗം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു . കൂടാതെ പുനരധിവാസ മേഖലയിൽ നബാർഡ് ധനസഹായത്തോടെ പൂർത്തിയാക്കിയ 22 കെട്ടിടങ്ങൾ ഉടൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി പ്രവർത്തനക്ഷമമാക്കാനും കമ്മീഷൻ നിർദേശിച്ചു .
മതിൽ നിർമ്മാണംആരംഭിക്കാനുള്ള വളയംചാൽ മുതൽ പുളിമരം തട്ട് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിൽ മുറിച്ചുമാറ്റേണ്ട 164 മരങ്ങൾക്ക് സോഷ്യൽ ഫോറസ്ട്രി വിഭാഗം വില നിർണയം വൈകുന്നതും മതിലിന്റെ അലൈൻമെന്റിൽ വന്ന മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളും കമ്മീഷൻ യോഗത്തിൽ ചർച്ചയായി. വില നിർണ്ണയം വേഗത്തിലാക്കണമെന്നും വകുപ്പിനോട് കമ്മിഷൻ നിർദേശിച്ചു .
ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജേഷ്, ഐടിഡിപി ജില്ലാ പ്രൊജക്ട് ഓഫിസർ വിനോദ്‌കുമാർ, ആറളം ഫാം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി. നിതീഷ് കുമാർ, ആറളം ഫാം ആദിവാസി പുനരധിവാസ മിഷൻ സൈറ്റ് മാനേജർ സി. ഷൈജു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, പഞ്ചായത്ത് ഫാം വാർഡ് അംഗം മിനി ദിനേശൻ എന്നിവരും വിവിധ പ്രതിനിധികളും പങ്കെടുത്തു.
إرسال تعليق