മുല്ലപ്പെരിയാർ അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് നിലപാട് കടുപ്പിച്ച് കേരളം.സെപ്റ്റംബർ രണ്ടിന് ഡല്‍ഹിയില്‍ ചേരുന്ന മുല്ലപ്പെരിയാർ മേല്‍നോട്ടസമിതി നിർണായക യോഗത്തില്‍ ഇക്കാര്യം കേരളം ശക്തമായി ഉന്നയിക്കും. സുരക്ഷാപരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്നാണ് കേരളത്തിന്റെ നിലപാട്. ഇതിനോട് തമിഴ്നാട് യോജിക്കില്ലെന്നിരിക്കെ കേന്ദ്ര ജലകമ്മിഷൻ കൈക്കൊള്ളുന്ന നിലപാടില്‍ ആകാംക്ഷയേറി.
മുല്ലപ്പെരിയാർ അണക്കെട്ടില്‍ അറ്റകുറ്റപ്പണിക്ക് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തമിഴ്നാടിന് 2014-ല്‍ നല്‍കിയ നിർദേശത്തിന്റെ ചുവടുപിടിച്ചാണ് മേല്‍നോട്ടസമിതിയുടെ അംഗീകാരത്തോടെ അറ്റകുറ്റപ്പണിക്കായി തമിഴ്നാട് നീക്കം. കേരളത്തിന്റെ ആശങ്കകള്‍ കണക്കിലെടുത്ത് അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് ഡോ. ജോ ജോസഫ് നല്‍കിയ പൊതുതാത്പര്യഹർജിയില്‍ 2022 ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. വിധിയെത്തുടർന്ന് തമിഴ്നാട് കൈക്കൊള്ളുന്ന സമീപനം ഡാമില്‍ ആദ്യം അറ്റകുറ്റപ്പണി നടക്കട്ടെ, അതിനുശേഷം സമഗ്ര സുരക്ഷാപരിശോധന എന്നതാണ്. ഇതിനെയാണ് കേരളം എതിർക്കുന്നത്.
പത്തുവർഷത്തിലൊരിക്കല്‍ രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്ന് കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാപുസ്തകത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2011-ലാണ് മുല്ലപ്പെരിയാർ അണക്കെട്ടില്‍ സമഗ്ര സുരക്ഷാപരിശോധന നടന്നത്.
إرسال تعليق