ശ്രീകണ്ഠപുരം സെൻട്രല്‍ ജങ്ഷൻ ഇനി മുതൽ ഗാന്ധി സര്‍ക്കിള്‍


ശ്രീകണ്ഠപുരം: സംസ്ഥാന സര്‍ക്കാറിന്റെ അഞ്ച് കോടിയുടെ നഗരവികസന പ്രവൃത്തികളുടെ ഭാഗമായി സെൻട്രല്‍ ജങ്ഷനും മാറ്റംവരുന്നു.

ട്രാഫിക് സിഗ്നല്‍ സ്ഥിതിചെയ്യുന്ന സെൻട്രല്‍ ജങ്ഷൻ ഇനി ഗാന്ധി സര്‍ക്കിളായി അറിയപ്പെടും. നഗരസഭയുടെ പ്രത്യേക തീരുമാനപ്രകാരമാണ് ഗാന്ധി പ്രതിമ സ്ഥാപിച്ച്‌ ഗാന്ധി സര്‍ക്കിള്‍ ഒരുക്കുന്നത്.

സംസ്ഥാന പാതയില്‍ മൂന്ന് ഭാഗത്തേക്ക് വാഹനങ്ങള്‍ തിരിയുന്ന ഇവിടം സിഗ്നലിനു നടുവിലായാണ് റോഡില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കല്‍ പ്രവൃത്തി തുടങ്ങിയത്. ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ സ്വകാര്യ വ്യക്തിയാണ് നഗരസഭക്ക് നിര്‍മിച്ച്‌ സൗജന്യമായി നല്‍കുക.

മുന്നോടിയായി കോണ്‍ക്രീറ്റ് ഭിത്തി ഒരുങ്ങിക്കഴിഞ്ഞു. പ്രതിമ ഇതിനു മുകളിലാണ് സ്ഥാപിക്കുക. പ്രതിമ അനാഛാദനവും ഗാന്ധി സര്‍ക്കിള്‍ പ്രഖ്യാപനവും ഒക്ടോബര്‍ രണ്ടിന് നടത്തുവാനാണ് തീരുമാനമെന്ന് നഗരസഭ ചെയര്‍പേഴ്സൻ ഡോ. കെ.വി. ഫിലോമിന പറഞ്ഞു. ഗാന്ധി സര്‍ക്കിളിനു പിന്നാലെ നഗരവികസനവും പൂര്‍ത്തിയാവും. ശ്രീകണ്ഠപുരത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന പ്രവൃത്തിയാണ് നിലവില്‍ നടക്കുന്നത്.

ഇരിട്ടി-തളിപ്പറമ്ബ് സംസ്ഥാന പാതയോട് ചേര്‍ന്ന് ശ്രീകണ്ഠപുരത്ത് ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവര്‍ത്തികളും നിലവില്‍ നടക്കുന്നുണ്ട്. ഓവുചാലുകളുടെ നിര്‍മാണവും ഏറെക്കുറെ പൂര്‍ത്തിയായി. ടെയ്ക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേര്‍ന്നുള്ള പൊതുമരാമത്ത് ഭൂമിയില്‍ വലിയ ഓപണ്‍ സ്റ്റേജും ഒരുക്കിയിട്ടുണ്ട്.


ഇതിനോട് ചേര്‍ന്നുള്ള ഭാഗത്ത് കൈവരിയും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. സജീവ് ജോസഫ് എം.എല്‍.എയുടെ സാനിധ്യത്തില്‍ കഴിഞ്ഞ ഡിസംബര്‍ 21ന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നഗരസൗന്ദര്യവത്കരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്റര്‍ലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളില്‍ വിശ്രമിക്കാൻ ഇരിപ്പിടങ്ങള്‍, രാത്രി യാത്രക്കാര്‍ക്കായി പാതയോരത്ത് തെരുവ് വിളക്കുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതിനൊപ്പം നാടിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കയംതട്ട്, പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കൂടുതല്‍ പേരും ഇത് വഴിയാണ് കടന്നുപോകുന്നത്. മലയോരത്തിന്റെ ടൂറിസം ഹബ്ബായി നഗരത്തെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമുണ്ട്. പണി നടത്തിപ്പിലെ ക്രമക്കേടും മന്ദഗതിയും തുടക്കത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement