പഴശ്ശി ജലസംഭരണിയിൽ അടിഞ്ഞ മാലിന്യം ജനകീയ കൂട്ടായ്മ്മയിൽ നീക്കി



കണ്ണൂർ ജില്ലയുടെ കുടിവെള്ള ദായിനിയായ പഴശ്ശി പദ്ധതിയുടെ ജലസംഭരണിയിൽ അടിഞ്ഞ മാലിന്യങ്ങൾ ജനകീയ കൂട്ടായ്മ്മയിൽ അതി സാഹസികമായി നീക്കം ചെയ്തു. പഴശ്ശിയിലേക്ക് വെള്ളമെത്തുന്ന ബാവലി, ബാരാപ്പോൾ പുഴകളുടെ തീരങ്ങളിൽ നിന്നും കാലവർഷത്തിൽ റിസർവോയറിലേക്ക് ഒഴുകിയെത്തിയ മാലിന്യ കൂമ്പാരമാണ് നീക്കം ചെയ്തത്. ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ പടിയൂർ, പായം പഞ്ചായത്തുകളുടെ കൂട്ടായ്മ്മയിലായിരുന്നു ചൊവ്വാഴ്ച രാവിലെ മുതൽ മാലിന്യം നീക്കൽ ശ്രമം നടന്നത്. ഇതിനായി പദ്ധതിയുടെ ഷട്ടറുകൾ അടച്ച്് ജലസേചന വിഭാഗവും ഒപ്പം ചേർന്നു. പഞ്ചായത്തുകളിലെ ദ്രുതകർമ്മ സേന, ഡി വൈ എഫ് ഐ, യൂത്ത് ബ്രിഗേഡിയർമാർ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ , തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങളിലെ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ഇരിട്ടി അഗ്നി രക്ഷാ സേനയും വള്ളിത്തോട് റസ്ക്യൂ അംഗങ്ങളും കൂട്ടായ്മ്മയിൽ പങ്കാളികളായി. ചെറു തോണികളും ബോട്ടുകളും ഉപയോഗിച്ച് പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഏറെ സാഹസികമായാണ് കരയിലെത്തിച്ചത്.  
 റിസർവേയറിൽ അടിഞ്ഞ മാലിന്യത്തെക്കുറിച്ച് കഴഞ്ഞ ദിവസം മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരിട്ടി നഗരസഭ മുൻകൈയെടുത്ത് മേഖലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കൂട്ടായ്മ്മയിൽ മാലിന്യ മുക്ത പഴശ്ശിക്കായി കാമ്പയിൽ ആരംഭിച്ചത്. ബാരാപോൾ, ബാവലി പുഴകളിൽ നിന്നും ചെറു തോടുകൾ വഴിയും റിസർവേയറിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് കുപ്പികളും അറവുമാലിന്യങ്ങളും എല്ലാം വെള്ളത്തിൽ കെട്ടിക്കിടക്കുകയാണ്. ആയിരത്തിലധികം നാളികേരവും ഇതോടൊപ്പം റിസർവേയറിൽ പൊങ്ങിക്കിടക്കുന്ന അവസ്ഥയായിരുന്നു. 
    ഇരിട്ടി നഗരസഭ, പായം, ആറളം, അയ്യൻകുന്ന്, മുഴക്കുന്ന്, കേളകം, കൊട്ടിയൂർ എന്നീ പഞ്ചായത്തുകകളുമായാണ് പഴശ്ശി പദ്ധതി അതിരിടുന്നത്. പഴശ്ശിയെ മലിനമാക്കരുതേ , ഇത് നമ്മുടെ കുടിവെള്ളമാണെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് ഈ കൂട്ടായ്മ്മയിലൂടെ ലക്ഷ്യം വെക്കുന്നത്. 
ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിയോടെയാണ് ശ്രമം ആരംഭിച്ചത്. പദ്ധതിയുടെ ഷട്ടറിനോട് ചേർന്ന അടിഞ്ഞ മാലിന്യം ഏറെ ശ്രമത്തിലൂടെ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിപ്പിച്ചാണ് നീക്കം ചെയ്യൽ ആരംഭിച്ചത്. ദൗത്യം വിജയിപ്പിക്കുന്നതിനായി അഗ്നി രക്ഷാ സേന, റസ്‌ക്യുടീം അംഗങ്ങളും പുഴയിലിറങ്ങി. ഹരിത കർമ്മ സേന കുടുംബശ്രീ അംഗങ്ങൾ വാരിക്കൂട്ടിയ മാലിന്യത്തിൽ നിന്നും പ്ലാസ്റ്റിക്ക് ഉൾപ്പെടെ ആജൈവ മാലിന്യങ്ങൾ വേർതിരിച്ചു. ഇരിട്ടി നഗരസഭാ ചെയർമാൻ കെ.ശ്രീലത, വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി എന്നിവർ മുഴുവൻ സമയവും സന്നദ്ധ പ്രവർത്തകർക്കൊപ്പം അണിചേർന്നു. വളളിത്തോട് റസ്‌ക്യൂ ടീം ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി, ഇരിട്ടി നഗരസഭ ക്ലീൻ സിറ്റി മാനേജർ രാജീവൻ, നഗരസഭാ സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ കെ.സോയ, കെ.സുരേഷ്, എ.കെ. രവീന്ദ്രൻ, അംഗങ്ങളായ എൻ.കെ. ഇന്ദുമതി, പി. ബഷീർ, വി.ശശി, കെ. മുരളീധരൻ, കെ.അജേഷ്, സി പി എം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ, പഴശ്ശി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ. സന്തോഷ്, അസിസ്റ്റന്റ് എഞ്ചിനീയർ എസ്. സിയാദ് എന്നിവരും നേതൃത്വം നൽകി.

 കടുത്ത വരൾച്ച നേരിടുന്ന വേനൽക്കാലത്തും മഴക്കാലത്തും ഒരു പോലെ ജില്ലയിലെ ഒരു കോർപ്പറേഷൻ, ഏഴ് നഗരസഭ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിജലസംഭരണിയിൽ നിന്നാണ്.190 ദശലക്ഷം ലീറ്റർ വെള്ളമാണ് പഴശ്ശി പദ്ധതിയിൽ നിന്നും ദിനം പ്രതി കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്. രണ്ട് ലക്ഷത്തോളം ഗാർഹിക കണക്ഷനുകളും പതിനായിരത്തോളം പൊതുടാപ്പുകളും പദ്ധതിയുടെ ഭാഗമാണ്. കണ്ണൂർ വിമാനത്താവളം ഉൾപ്പെടെ ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം കുടിവെള്ളമായി എത്തുന്നത് പഴശ്ശിയിൽ നിന്നാണ്. അതുകൊണ്ടുതന്നെ പഴശ്ശിയെ മലിനമാക്കുന്നവർ തങ്ങൾ കുടിക്കുന്നതും ഈ വെള്ളമാണെന്ന ബോധ്യം എന്നും മനസ്സിലുണ്ടാവണം.

Post a Comment

أحدث أقدم

Join Whatsapp

Advertisement