അഴീക്കോട് നീർക്കടവിൽ മിനി ഫിഷ് ലാന്റിങ്ങ് സെന്റർ നിർമ്മിക്കാനുള്ള സാധ്യത പഠനത്തിന് തുടക്കമായി. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ അനുവദിച്ച 24 ലക്ഷം രൂപ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്.
ഈ മത്സ്യ ഗ്രാമത്തിൽ 150 ഓളം മത്സ്യബന്ധന യാനങ്ങളാണുള്ളത്. അഴീക്കൽ, കണ്ണൂർ മാപ്പിള ബേ എന്നീ തുറമുഖങ്ങളെയാണ് ഇവർ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ നീർക്കടവിൽ ലാന്റിങ്ങ് സെന്റർ ഇല്ലാത്തത്
തൊഴിലാളികൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിഷയത്തിൽ കെ വി സുമേഷ് എം എൽ എ ഇടപെട്ടത്. ഇതോടെ പാരിസ്ഥിതിക പ്രശ്നങ്ങളില്ലെങ്കിൽ സെന്റർ അനുവദിക്കാമെന്ന് മന്ത്രി സജി ചെറിയാൻ അറിയിക്കുകയായിരുന്നു. സ്ഥലത്തിന്റെ ടോപ്പോഗ്രാഫിക്കൽ സർവ്വേ, വെള്ളത്തിന്റേയും മണ്ണിന്റേയും ഘടന, കടലിന്റേയും കരയുടേയും ബാത്ത് മെട്രിക് സർവ്വേ, തിരമാല, കാറ്റ്, വേലിയേറ്റം, വേലിയിറക്കം, കാലവർഷങ്ങളിൽ ഉണ്ടാവുന്ന കടലിന്റേയും കരയുടേയും വ്യതിയാനങ്ങൾ തുടങ്ങിയവയാണ് ഒരു വർഷം നീളുന്ന പഠനത്തിൽ ഉൾപ്പെടുക. പഠനം പൂർത്തിയായാൽ ഉടൻ സെന്ററിന്റെ നിർമ്മാണം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
ചടങ്ങിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ശിവദാസൻ, ഹാർബർ എഞ്ചിനീയറിങ്ങ് വിഭാഗം ചീഫ് എഞ്ചിനീയർ ജോമോൻ കെ ജോർജ്, സൂപ്രണ്ടിങ്ങ് എഞ്ചിനീയർ മുഹമ്മദ് അൻസാരി, എക്സിക്യൂട്ടീവ് എഞ്ചിനീയർ എ മുഹമ്മദ് അഷ്റഫ്, അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ എൻ വിനയൻ, അസി. എഞ്ചിനീയർ പി സുനിൽകുമാർ, അരയ സമാജം ഭാരവാഹികളായ കെ രതീശൻ, വി വി വിനയൻ എന്നിവർ പങ്കെടുത്തു.
إرسال تعليق