പയ്യന്നൂർ: പയ്യന്നൂർ കോറോം വില്ലേജിൽ മെലിയൊഡോസിസ് രോഗം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കാകുലരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗാണു സാന്നിധ്യമുള്ള ജലത്തിലൂടെയും മണ്ണിലൂടെയുമാണ് രോഗം പകരുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗപകർച്ച ഇല്ല. ഈ സാഹചര്യത്തിൽ പ്രദേശത്തുള്ള ജനങ്ങൾ ഭീതിപ്പെടേണ്ടതില്ല.
രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആശ പ്രവർത്തകർ, വാർഡ് കൗൺസിലർമാർ എന്നിവരുൾപ്പെടെ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ, ക്ലോറിനേഷൻ എന്നിവ നടത്തി.
രണ്ടു തവണയായി ഗൃഹസന്ദർശനം നടത്തി സമാന ലക്ഷണങ്ങളുള്ളവരെ കണ്ടെത്താനുള്ള സർവ്വേ നടത്തി. സംശയിക്കപ്പെട്ട മൂന്നുപേരെ നഗരസഭയുടെ സഹകരണത്തോടെ പരിശോധനക്കായി അയച്ചു. ഇതോടൊപ്പം കുളത്തിലെ വെള്ളം ശേഖരിച്ച് പരിശോധനക്ക് അയക്കുകയും ചെയ്തു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേശം പാലിച്ചുകൊണ്ട് പയ്യന്നൂർ നഗരസഭയുടെ സഹകരണത്തോടെയാണ് ഇതുവരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളെല്ലാം നടന്നിരിക്കുന്നത്.
സമാനമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരെ പരിശോധിക്കുന്നതിനുള്ള സൗകര്യം പയ്യന്നൂർ താലൂക്കാശുപത്രി, പഴയങ്ങാടി താലൂക്കാശുപത്രി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്ത് ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണം തുടർന്നുവരുന്നതായി നഗരസഭാ ചെയർപേഴ്‌സൺ കെ വി ലളിത നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പി ജീജ, പഴയങ്ങാടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. എൻ സിനി, സോയിൽ കൺസർവേഷൻ ജില്ലാ ഓഫീസർ എം രാജീവ്, കൃഷി വകുപ്പ് ജോയിൻറ് ഡയറക്ടർ ഡി എൻ സുമ, പരിയാരം മെഡിക്കൽ കോളജ് കമ്യൂണിറ്റി വിഭാഗത്തിലെ ഡോ. അനുപമ, മൈക്രോബയോളജി വിഭാഗം ഡോ. മാനസി, നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ വി വി സജിത, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ടി വിശ്വനാഥൻ, പഴയങ്ങാടി താലൂക്കാശുപത്രി ഹെൽത്ത് സൂപ്പർവൈസർ വിഎം അബ്ദുൾസലാം, മറ്റ് ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
إرسال تعليق