ഏറ്റവും കൂടുതല്‍ പ്രമേഹബാധിതര്‍ കേരളത്തില്‍


കണ്ണൂര്‍: അശാസ്ത്രീയമായ ചികിത്സ രീതികള്‍ പ്രമേഹരോഗത്തെ ഗുരുതരവും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലുമെത്തിക്കുമെന്ന് പ്രമേഹരോഗ വിദഗ്ധരുടെ രണ്ടാംപാദ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.
2045ഓടെ ലോകത്തെ രോഗികളുടെ എണ്ണം 745 ദശ ലക്ഷം കടക്കുമെന്ന് ഇന്റര്‍നാഷനല്‍ ഡയബെറ്റിക് ഫെഡറേഷൻ കണക്കാക്കുന്നു.

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതര്‍ ഉള്ളത് കേരളത്തിലാണ്. പ്രമേഹ രോഗത്തെക്കുറിച്ചും അതിന്റെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവല്‍കരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന രീതി അപകടകരമാണെന്ന് സമ്മേളനം വിലയിരുത്തി. 

റിസര്‍ച്ച്‌ സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബെറ്റിസ് എന്ന പ്രമേഹ വിദഗ്ധരുടെ സംഘടനയുടെ രണ്ടാംപാദ സംസ്ഥാന സമ്മേളനം വര്‍ധിച്ചുവരുന്ന പ്രമേഹത്തിന്റെ കാരണങ്ങളും അതിന്റെ ചികിത്സാരംഗത്തെ പ്രതിസന്ധികളെയും പറ്റി വിശദമായി ചര്‍ച്ച ചെയ്‌തു. 

സംസ്ഥാന ചെയര്‍മാൻ ഡോ. ജി. വിജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 1970കളില്‍ സംസ്ഥാനത്ത് 2.5 ശതമാനം മാത്രമുണ്ടായിരുന്ന പ്രമേഹ രോഗികളുടെ എണ്ണം ഇപ്പോള്‍ 20 ശതമാനമായി വര്‍ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 

വര്‍ധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന കാരണം പ്രമേഹമാണ്. തുടക്കത്തിലേ മൂത്രത്തിലെ അല്‍ബുമിൻ പോലുള്ള ലളിതമായ ടെസ്റ്റുകളിലൂടെ ഇത് കണ്ടെത്താവുന്നതാണ്. പ്രമേഹത്തിന്റെ ഏറ്റവും പ്രധാന സങ്കീര്‍ണതയിലൊന്ന് വൃക്ക രോഗമാണെന്നും വൃക്ക രോഗവിദഗ്ധൻ ഡോ. സാരംഗ് വിജയൻ പറഞ്ഞു. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ കണ്ടു വരുന്ന പ്രമേഹത്തെപ്പറ്റി മംഗളൂരു കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളജിലെ ഡോ. അഖില ഭണ്ഡാര്‍ക്കര്‍ പ്രബന്ധം അവതരിപ്പിച്ചു. 

ഡോ.ജി. വിജയകുമാര്‍, പ്രമേഹ രോഗവിദഗ്ധൻ ഡോ. പി. സുരേഷ് കുമാര്‍, എൻഡോക്രൈനോളജിസ്‌റ്റ് ഡോ. പ്രശാന്ത് മാപ, ഡോ. എം.വി. വിമല്‍, ഡോ. ആര്‍. ചാന്ദിനി, ഡോ. അരുണ്‍ ശങ്കര്‍, ഡോ. സുനില്‍ പ്രശോഭ്, ഡോ. രാജു ഗോപാല്‍, ഡോ.എം. ഹനീഫ് എന്നിവര്‍ സംസാരിച്ചു. 

ഓര്‍ഗനൈസിങ് ചെയര്‍മാൻ ഡോ. ബാലകൃഷ്ണൻ വള്ളിയോട്, സെക്രട്ടറി ഡോ. ആര്‍. അര്‍ജുൻ, ഡോള ജോ ജോര്‍ജ്, ഡോ. പ്രശാന്ത് മാപ്പ, മീഡിയ കണ്‍വീനര്‍ ഡോ. സുല്‍ഫിക്കര്‍ അലി എന്നിവര്‍ നേതൃത്വം നല്‍കി

Post a Comment

أحدث أقدم

Join Whatsapp

Advertisement