നിപ സാഹചര്യം: ആരോഗ്യമന്ത്രി കോഴിക്കോടെത്തി; ഉന്നതതല യോഗം ചേരും


കോഴിക്കോട്: നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടെത്തി. 10.30ന് സിവില്‍ സ്‌റ്റേഷനില്‍ ഉന്നതതല യോഗം ചേരും. മരിച്ച രണ്ടാമത്തെ ആളുടെ സാംപിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫലം വൈകിട്ടോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ചികിത്സയില്‍ കഴിയുന്ന മൂന്ന് കുട്ടികളുടെ സാംപിളും പൂനെയ്ക്ക് അയച്ചിരിക്കുകയാണ്.

നിപ സംശയിക്കപ്പെട്ട സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ ത്രിലെയര്‍ കവറേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാംപിള്‍ ഫലം അറിഞ്ഞശേഷം തുടര്‍ നടപടി സ്വീകരിക്കും. ആശുപത്രികളില്‍ ഐസൊലേഷന്‍ സംവിധാനമൊരുക്കാനും സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനും നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനം 2018ല്‍ രൂപീകരിച്ച നിപ പ്രോട്ടോക്കോള്‍ 2021ല്‍ പുതുക്കിയിരുന്നു. അത് ഇപ്പോഴും തുടരുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പനി ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. മരുതോങ്കര സ്വദേശി 49കാരന്‍ ആണ് ഓഗസ്റ്റ് 30ന് മരിച്ചത്. വടകര ആയഞ്ചേരി സ്വദേശിയായ 40കാരനാണ് ഇന്നലെ മരിച്ചത്. ആദ്യം മരിച്ചയാളുടെ ബന്ധുവായ ഒമ്പത് വയസ്സുകാരനാണ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. മരുതോങ്കര സ്വദേശിയുടെ ഭാര്യ സഹോദരനായ 25കാരന്‍, നാല് വയസ്സുള്ള മകന്‍, 10 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ കുഞ്ഞിന്റെ പനി മാറിയെങ്കിലും മുന്‍കരുതല്‍ ആയി ആശുപത്രിയില്‍ തന്നെ തുടരുകയാണ്.

നിപ ലക്ഷണങ്ങളുമായി രണ്ട് പേര്‍ മരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ആദ്യം മരിച്ചയാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് രണ്ടാമത് മരിച്ചയാളും ചികിത്സയില്‍ ഉണ്ടായിരുന്നു. ഇവരെ പരിചരിച്ച ജീവനക്കാരോട് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി.

2018ല്‍ 17 പേരും 2021ല്‍ ഒരാളുമാണ് നിപ ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. 2019ലും രോഗം സ്ഥിരീകരിച്ചിരുന്നു

Post a Comment

أحدث أقدم

Join Whatsapp

Advertisement