ഉത്രാട ദിനത്തില്‍ ബെവ്‌കോ വിറ്റത് 116 കോടിയുടെ മദ്യം; കൂടുതല്‍ വില്‍പ്പന നടന്നത് ഇവിടെ



തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ ബെവ്‌കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ ഉത്രാട ദിനത്തില്‍ വിറ്റത്. ബെവ്‌കോയുടെ കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് വഴി വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ്. 

അതേസമയം, വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് ബെവ്‌കൊ എംഡി പ്രതികരിച്ചു. അന്തിമ വിറ്റുവരവ് കണക്കു വരുമ്പോള്‍ വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ എംഡി പറയുന്നത്. 

ഉത്സവ സീസണില്‍ റെക്കോഡ് മദ്യവില്‍പ്പനയാണ് പതിവ്. മദ്യം വാങ്ങാന്‍ ഔട്‌ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയര്‍ഹൗസ് -ഔട്ട് ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ നിര്‍ദേശം നല്‍കിയിരുന്നു. ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്റായ ജവാന്‍ റം നല്‍കണമെന്നും ബെവ്‌കോ നിര്‍ദേശിച്ചിരുന്നു. 

ഡിജിറ്റല്‍ പണം ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക കരുതല്‍ വേണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കണം. വില്‍പ്പന കൂടുതലുള്ള ഓണം സീസണില്‍ ജീവനക്കാര്‍ അവധിയെടുക്കാന്‍ പാടില്ല. വില്‍പ്പനയില്ലാതെ ഔട്ട് ലെറ്റുകളില്‍ ഏതെങ്കിലും ബ്രാന്റ് കെട്ടികിടക്കുന്നുണ്ടെങ്കില്‍, വില്‍പന തീയതി കഴിഞ്ഞവയല്ലെങ്കില്‍ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ വില്‍ക്കാന്‍ പാടുള്ളൂയെന്നും ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement