പരിയാരം : വാർഷിക പരീക്ഷയ്ക്ക് ചോദ്യക്കടലാസ് കിട്ടിയപ്പോൾ അതിലൊരു ചോദ്യം അച്ഛനെക്കുറിച്ച്. അഭിമാനത്തോടെ ഉത്തരമെഴുതി മകൻ. ഇടമന യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ എ.പി.ഹരിനന്ദിനാണ്, അച്ഛൻ കണ്ടോന്താറിലെ വിനു പെരുവണ്ണാനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെഴുതാൻ ഭാഗ്യം ലഭിച്ചത്. മലയാളം പരീക്ഷയ്ക്കു ചോദ്യക്കടലാസ് കിട്ടിയപ്പോൾ അതിൽ ഇങ്ങനെയൊരു സന്തോഷം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഹരിനന്ദ് അറിഞ്ഞിരുന്നില്ല. പ്രവർത്തനം 7 വായിച്ചപ്പോൾ ആദ്യം അമ്പരന്നു.
‘34 വയസ്സുമാത്രമുള്ള കണ്ടോന്താർ വിനു പെരുവണ്ണാൻ തുലാപ്പത്തിനു ശേഷം മേടപ്പാതി വരെ കെട്ടിയാടിയത് ഇരുപതോളം കതിവനൂർ വീരൻ തെയ്യം. ഒരൊറ്റ കളിയാട്ടക്കാലത്ത് ഇത്രയധികം കതിവന്നൂർ വീരൻ തെയ്യങ്ങളെ ഒരാൾ കെട്ടിപ്പൂർത്തിയാക്കുക എന്നത് അത്യപൂർവമായി മാത്രം സംഭവിക്കുന്നതാണ്. തെയ്യങ്ങളിൽ ഏറ്റവും കരുത്തുറ്റ പുരുഷ സൗന്ദര്യം, കതിവന്നൂർ വീരൻ നിറഞ്ഞാടുകയാണ്.ഒരുപക്ഷേ, ഭൂമിയിൽ വിനു പെരുവണ്ണാന് മാത്രം സാധിക്കുന്ന മെയ്ക്കരുത്തോടെ. ഇത്രയേറെ പ്രസിദ്ധനായ വിനു പെരുവണ്ണാൻ സ്കൂൾ വാർഷികത്തിന് മുഖ്യാതിഥിയായി എത്തുന്നു. ഈ അവസരത്തിൽ അദ്ദേഹവുമായി ഒരു അഭിമുഖം നടത്താം. അതിനുതകുന്ന ചോദ്യങ്ങൾ തയാറാക്കൂ. അഞ്ചു ചോദ്യങ്ങളെങ്കിലും തയാറാക്കുമല്ലോ’ – ഇതായിരുന്നു ചോദ്യം. വായിച്ചുകഴിഞ്ഞപ്പോൾ ആവേശമായി.
അച്ഛനോടു ചോദിക്കാൻ അഭിമാനത്തോടെ ചോദ്യങ്ങളുണ്ടാക്കി. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ മകനോട് പരീക്ഷ എങ്ങനെയെന്ന് വിനു പെരുവണ്ണാൻ ചോദിച്ചു. പല ചോദ്യവും പുസ്തകത്തിനു പുറത്തുള്ളതാണെന്നായിരുന്നു മറുപടി.അച്ഛനെക്കുറിച്ചും ചോദ്യമുണ്ടെന്നു ഹരിനന്ദൻ പറഞ്ഞപ്പോഴാണ് വിനു പെരുവണ്ണാൻ കൗതുകത്തോടെ ചോദ്യക്കടലാസ് നോക്കിയത്. സന്തോഷത്തോടെ മകനെ ചേർത്തണച്ച് വിനു പെരുവണ്ണാൻ വീണ്ടും മുണ്ടുമുറുക്കിയുടുത്തു, ഇന്നു പുലർച്ചെയും കതിവനൂർ വീരൻ കെട്ടാനുണ്ടായിരുന്നു വിനു പെരുവണ്ണാന്.
إرسال تعليق