സംവിധായകൻ രാജമൗലിയുടെ പുതിയ ചിത്രത്തിൽ നായകനാകാൻ അല്ലു അർജുൻ. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനായി അല്ലു അര്‍ജുനുമായി രാജമൗലി സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. നേരത്തെ പ്രഖ്യാപിച്ച മഹേഷ് ബാബു ചിത്രത്തിന് ശേഷമാകും അല്ലുവുമായുള്ള രജമൗലിയുടെ സിനിമ ആരംഭിക്കുകയെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
രാജമൗലിയോടൊപ്പം അച്ഛന്‍ കെ.വി. വിജയേന്ദ്രയും ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അല്ലു അര്‍ജുനും രാജമൗലിയും ഒന്നിക്കുന്ന ആദ്യചിത്രമായിരിക്കും ഇത്.
അതേസമയം ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 25നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ജനുവരി 7ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡിന്റം പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും.
പുഷ്പ എന്ന ചിത്രമാണ് അല്ലു അർജുന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. നിലവിൽ 'പുഷ്പ 2'വിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
കഴിഞ്ഞ വർഷം ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്ററിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.
إرسال تعليق