അതിവേഗത്തിൽ ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ –ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക്. ജില്ലയിലെ കെ ഫോൺ പ്രധാന ഹബ്ബായ മുണ്ടയാടേക്ക് കോഴിക്കോട് ചേവായൂരിൽനിന്നും വയനാട്ടിലെ കണിയാമ്പറ്റയിൽനിന്നും സിഗ്‌നൽ എത്തിത്തുടങ്ങി.
ആദ്യഘട്ടത്തിലെ റാക്ക് ഇൻസ്‌റ്റലേഷനും പൂർത്തിയായി.
31 സബ് സ്‌റ്റേഷനുകൾ
കെ ഫോൺ ശൃംഖലയുടെ ഭാഗമായി ജില്ലയിൽ 31 സബ് സ്‌റ്റേഷനുകളാണുണ്ടാവുക.
മുണ്ടയാടാണ് പ്രധാന ഹബ്. മുണ്ടയാട്, കാഞ്ഞിരോട്, കൂത്തുപറമ്പ്, പിണറായി, തോലമ്പ്ര, പഴശ്ശി, പുതിയതെരു, അഴീക്കോട്, തോട്ടട, തളിപ്പറമ്പ്, മാങ്ങാട്, പഴയങ്ങാടി പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ കെ ഫോൺ ലഭ്യമാവുക. ആദ്യഘട്ടത്തിൽ 874 റാക്ക് ഇൻസ്‌റ്റലേഷനാണ് പൂർത്തിയായത്.
രണ്ടാം ഘട്ടത്തിൽ 1295 സർക്കാർ സ്ഥാപനങ്ങളിലാണ് റാക്കുകൾ സജ്ജമാക്കേണ്ടത്. ഇതിൽ 500 എണ്ണം പൂർത്തിയായി.
രണ്ടാം ഘട്ടത്തിലെ സ്ഥാപനങ്ങളിലേക്കുള്ള ലൈൻ വലിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകൾ, അക്ഷയകേന്ദ്രം, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവടങ്ങളിലാണ് കണക്‌ഷൻ. ഇതിലുൾപ്പെടുന്ന 874 സ്ഥാപനങ്ങളിലാണ് ഒമ്പത് യു റാക്ക് സജ്ജീകരിച്ചത്.
നെറ്റ്‌വർക്ക് കണക്‌ഷൻ ലഭ്യമാക്കുന്നതിനുള്ള മോഡം, യുപിഎസ് തുടങ്ങിയവയാണ് 9 യു റാക്കിൽ ഉൾപ്പെടുന്നത്. വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി.
ആദ്യഘട്ടത്തിൽ 890 കിലോമീറ്ററിലാണ് ലൈൻ വലിച്ചത്. രണ്ടാം ഘട്ടത്തിൽ 1825കിലോമീറ്റർ
കണ്ണൂർ ടൗൺ, നാടുകാണി, കുറ്റ്യാട്ടൂർ, പാനൂർ, പുത്തൂർ, തലശേരി, ഇരിട്ടി, കോടിയേരി, ശ്രീകണ്ഠപുരം, ചൊവ്വ, മട്ടന്നൂർ, ചെറുപുഴ, പയ്യന്നൂർ, ആലക്കോട് പ്രദേശങ്ങളാണ് രണ്ടാം ഘട്ടത്തിൽ. ഇതിനായി ലൈൻ വലിക്കൽ തുടങ്ങി.
1825 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിൽ 1000 കിലോമീറ്റർ പൂർത്തിയായി. സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന ഒരു ലക്ഷത്തിലധികം വീടുകളിലേക്കാണ് കെ ഫോൺ പദ്ധതി വഴി സൗജന്യമായി ഇന്റർനെറ്റ് എത്തിക്കുക.
إرسال تعليق