അഴീക്കോട്‌ വച്ചുണ്ടായ യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കല്‍ തെറ്റ്, പൊറുക്കണം; ക്ഷമാപണവുമായി പൊലീസ്


കണ്ണൂര്‍: കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടിച്ചാ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ  നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും പൊലീസ് (Police). മനുഷ്യാവകാശ കമ്മീഷനോടാണ് പൊലീസിന്റെ   ക്ഷമാപണം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കണ്ണൂര്‍ മുന്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസ് വീഴ്ച ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയത്. 2020 മാര്‍ച്ച് 22നാണ് ജില്ലാ പൊലീസ് മേധാവി അഴീക്കോട്‌ തയ്യല്‍ക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ചത്.

രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശ്യത്തില്‍ ചെയ്തതാണെങ്കിലും നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി അഭ്യര്‍ഥിച്ചു. നിയമ ലംഘനം കണ്ടെത്തിയാല്‍ നിയമമനുസരിച്ചുള്ള നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി. തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയുന്നതിനുള്ള പൊലീസിന്റെ സേവനം അഭിനന്ദീര്‍ഹമായിരുന്നു. എന്നാല്‍, നിയമ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷ നടപ്പാക്കുന്നതും അവരെ അക്രമിക്കുന്നതും അംഗീകരിക്കില്ല.

സംഭവം അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കണമെന്നും  കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന് ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിട്ടിരുന്നു. എസ് പിയുടെ നിർദ്ദേശാനുസരണം ഏത്തമിട്ടവർ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് ഡിജിപി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ഉത്തരവ്, 

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു  സാഹചര്യത്തിലും പൊലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ എസ്പിയെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്. നിയമം കർശനമായി നടപ്പിലാക്കണം.  എന്നാൽ, ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാൻ പൊലീസിന് അധികാരമില്ലെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. വീട്ടിൽ സുരക്ഷിതരായിരിക്കണമെന്ന സർക്കാർ നിർദ്ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷൻ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement