മകൻ മതം മാറി വിവാഹം ചെയ്തതിന്റെ പേരിൽ കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മറ്റി നേരത്തെ നിശ്ചയിച്ച പൂരക്കളി പണിക്കർക്ക് അവസരം നിഷേധിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം ലജ്ജാകരമാണ്..
മനുഷ്യരെ അജ്ഞതയുടെ കൂരിരുട്ടില്‍ നിന്ന് അറിവിന്റെയും സംസ്‌കാരത്തിന്റെയും പ്രകാശത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അനുഭവമാണ് ഈ നാടിനുള്ളത്.
കുടുംബത്തിലൊരാൾ മതേതരമായ നിലപാട് സ്വീകരിച്ചതിനാൽ പണിക്കർ സ്ഥാനത്ത് നിന്ന് നീക്കി കലാകാരനെ ബഹിഷ്കരിക്കുന്നതിന് ഏത് ക്ഷേത്രാധികാരികൾ മുന്നോട്ട് വരുന്നതും അപകടമാണ്.
നാടിനെ ഇരുണ്ട കാലത്തേക്ക് തിരികെ വലിക്കാനുള്ള ഏത് അപരിഷ്കൃത കാഴ്ചപ്പാടുകളെയും പൊതു സമൂഹം ചെറുത്ത് തോൽപ്പിക്കണം..
അനാചാരങ്ങളുടെയും ദുരാചാരങ്ങളുടെയും തടവറയിൽനിന്ന് നാടിനെ മോചിപ്പിച്ച,
നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം നടന്ന മണ്ണിൽ, കാലത്തെ പുറകോട്ടടിപ്പിക്കാനുള്ള ഹീനശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കുമെന്നും
ബന്ധപ്പെട്ട ക്ഷേത്ര കമ്മറ്റി വിഷയം പുന:പരിശോധിച്ച് അടിയന്തരമായി ആവശ്യമായ മാറ്റം വരുത്തണമെന്നും ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെടുന്നു.
إرسال تعليق