ഭൂമി തട്ടിപ്പ് കേസ് : സുരേഷ് ഗോപി എംപിയുടെ സഹോദരൻ അറസ്റ്റിൽ


ഭൂമി തട്ടിപ്പ് കേസിൽ സുരേഷ് ഗോപി എംപിയുടെ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ആ ഭൂമി വിൽക്കാൻ ശ്രമിക്കുകയും, കൈപ്പറ്റിയ അഡ്വാൻസ് തുക തിരിച്ചു നൽകിയില്ലെന്നുമുള്ള പരാതിയിലാണ് സുനിൽ ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്ത ശേഷം റിമാൻഡ് ചെയ്തു.
കോയമ്പത്തൂരിലെ ജിഎൻ മിൽസിലെ ഗിരിധരൻ എന്ന വ്യക്തിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുനിൽ നവക്കരയിലെ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. എന്നാൽ ഭൂമിയുടെ റജിസ്‌ട്രേഷൻ അസാധുവാണെന്ന് കോടതി അറിയിച്ചു.

ഈ വിവരം മറച്ചുവച്ച് ഭൂമി ഗിരിധരന് വിൽക്കാൻ ശ്രമിക്കുകയും, സുനിൽ 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങുകയും ചെയ്തു. ഭൂമിയുടെ രേഖകൾ സുനിൽ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗിരിധരൻ അഡ്വാൻസ് തുക തിരികെ ചോദിച്ചുവെങ്കിലും സുനിൽ നൽകാൻ തയാറായില്ല. ഇതാണ് കേസിനാസ്പദമായ സംഭവം.

സുനിൽ ഗോപി ഉൾപ്പെടെയുള്ള മൂന്ന് പേരുടെ അക്കൗണ്ടിലേക്കാണ് അഡ്വാൻസ് തുക നിക്ഷേപിച്ചത്. മറ്റ് രണ്ട് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement