കണ്ണൂർ : സദ്യക്കും മറ്റും വാടകക്ക് സാധനങ്ങൾ നൽകുന്ന കടയിൽ നിന്നും വില പിടിപ്പുള്ള ഓട്ടു ഉരുളിയും ചട്ടുകങ്ങളും വാടകക്ക് വാങ്ങി മറിച്ച് വിറ്റ് ആഢംബര ജീവിതം നയിക്കുന്ന സംഘത്തിലെ യുവാവ് അറസ്റ്റിൽ. ഇരിക്കൂർ കോളയാട് ഡയനാമോ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന വി.കെ. രോഹിത്തിനെ(22)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ രാജീവൻ, അജയൻ, രഞ്ജിത്, നാസർ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ഫെബ്രവരി 19ന് കണ്ണൂർ തളാപ്പിലെ ബിജുവിൻ്റെ ഉടമസ്ഥതയിലുള്ള വാടക സ്റ്റോർസിൽ നിന്ന് 20 കിലോ വോളം തൂക്കം വരുന്നരണ്ട് ഉരുളിയും 15 കിലോ തൂക്കം വരുന്ന ഓട്ടു ചട്ടുകവും വാടകക്കെടുത്ത സംഘം തിരിച്ചുനൽകാതെ ആക്രി കടകളിൽ വില്പന നടത്തുകയായിരുന്നു. ഉടമയായ ബിജു ടൗൺ സ്റ്റേഷനിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ 21ന് കേസെടുത്ത പോലീസ് അന്വേഷണത്തിൽ മയ്യിൽ, കാട്ടാമ്പള്ളി ,ശ്രീകണ്ഠാപുരം, ചക്കരക്കൽ എന്നിവിടങ്ങളിലെ ആക്രി കടകളിൽ ഇവ വില്പന നടത്തിയതായി കണ്ടെത്തി. വിറ്റുകിട്ടിയ ഒന്നര ലക്ഷം രൂപ ഉപയോഗിച്ച് മംഗലാപുരം, ബാംഗ്ലൂർ ഏറണാകുളം എന്നിവിടങ്ങളിൽ ഇവർ ചുറ്റി കറങ്ങുകയായിരുന്നു.മരുന്ന് നിർമ്മിക്കാനെന്നും സദ്യക്കെന്നും പറഞ്ഞ് വാടകക്കെടുത്താണ് തട്ടിപ്പ്. പോലീസ്അന്വേഷണത്തിനിടെ സിറ്റി സ്റ്റേഷൻ പരിധിയിലെ ദിലീപിൻ്റെ വാടക സ്റ്റോറി ലും സംഘം തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. സംഘംവില്പന നടത്തിയ എട്ടോളം ഓട്ടു ഉരുളി പോലീസ് കണ്ടെത്തി. കൂട്ടുപ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.
إرسال تعليق