കൊവിഡ് നിയന്ത്രണം ലംഘിച്ചു, നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ, മാസ്ക്കില്ലാത്തതിന് പിഴ 213 കോടിയിലേറെ!



തിരുവനന്തപുരം: കൊവിഡ് വൈറസ് രോഗബാധ പടർന്ന് പിടിച്ചതോടെയാണ് കനത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനമടക്കം നീങ്ങിയത്. ദുരന്ത നിവാരണ നിയമപ്രകാരമായിരുന്നു കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. ലോക്ക്ഡൗൺ, പ്രാദേശിക നിയന്ത്രണം, മാസ്ക്ക് ധരിക്കൽ എന്നിവയിൽ ഇതുപ്രകാരം നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കേസുകളും ഉണ്ടായിരുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്നും പിഴയും ഇടാക്കിയിരുന്നു. മാസ്ക്ക് അടക്കം ധരിച്ചില്ലെങ്കിൽ 500 മുതല്‍ 2000 വരെയായിരുന്നു പിഴ അടക്കേണ്ടി വന്നിരുന്നത്. ഈ രീതിയിൽ വലിയൊരു തുക സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്കെത്തിയിട്ടുണ്ട്. 

കണക്കുകൾ പ്രകാരം നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇതുവരെ 66 ലക്ഷത്തോളം പേരാണ് നടപടി നേരിട്ടത്. കൊവിഡ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനപ്പെട്ട മാസ്ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്. മാസ്ക്ക് ധരിക്കാതിരുന്ന 42,73,735 പേരിൽ നിന്നും ദുരന്ത നിവാരണ നിയമ പ്രകാരം ഇതുവരെ പിഴ ഈടാക്കിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാസ്കില്ലാത്തവരില്‍ നിന്ന് മാത്രം 213 കോടി 68 ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തതായും കണക്കുകൾ വ്യക്തമാക്കുന്നു. 

കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കാമെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. പുതിയ നിർദ്ദേശ പ്രകാരം മാസ്ക്ക് ഇട്ടില്ലെങ്കിൽ കേസെടുക്കണമെന്നില്ല. എന്നാൽ മാസ്ക്ക് മാറ്റാമെന്ന രീതിയിൽ പ്രചാരണം വന്നതോടെ മാസ്ക്ക് പൂർണ്ണമായും ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം പിന്നീട് വിശദീകരിച്ചു. മാസ്ക്കും സാമൂഹ്യ അകലവും തുടരണമെന്നാണ് പുതിയ നിർദ്ദേശം. 

ഏതായാലും ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കുന്നതോടെ താഴേത്തട്ടിലടക്കം ഉള്ള കടുപ്പിച്ച നടപടികൾ ഒഴിവാകും. നിർദേശമനുസരിച്ച് സംസ്ഥാനം ഇനി പുതിയ ഉത്തരവിറക്കും. ദുരന്ത നിവാരണ നിയമത്തിന് പുറമെ, പകർച്ചവ്യാധി പ്രതിരോധ നിയമം, പൊലീസ് ആക്റ്റ് എന്നിവ കൂടി ചേർത്താണ്  സംസ്ഥാനത്തെ നിയന്ത്രണങ്ങൾ. ഇതിനാൽ ഏതൊക്കെ കാര്യങ്ങളിൽ ഇളവെന്നതിന് സംസ്ഥാനത്തെ ഉത്തരവ് വരെ കാത്തിരിക്കേണ്ടി വരും.  മാസ്ക് മാറ്റാൻ ആകുമോയെന്ന കാര്യം നേരത്തെ സംസ്ഥാന സർക്കാർ നേരത്തേ വിദഗ്ദരുമായി കൂടിയാലോചിച്ചിരുന്നു. മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇപ്പോൾ പൊലീസ് മുൻപത്തേത് പോലെ കേസുകൾ എടുക്കുന്നുമില്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement