മാടത്തിൽ ടൗണിൽ ട്രാഫിക് പരിഷ്കരണം 20 മുതൽ



ഇരിട്ടി: തലശ്ശേരി - മൈസൂർ അന്തർ സംസ്ഥാന പാതയിലെ മാടത്തിൽ - എടൂർ റോഡ് കവലയിൽ നിരന്തരമുനടക്കുന്ന അപകടങ്ങളും മറ്റും കണക്കിലെടുത്ത് മാടത്തി ടൗണിൽ ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കാനൊരുങ്ങി അധികൃതർ. പുതിയ ഗതാഗത പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ 20 മുതൽ പ്രാവർത്തികമാക്കാനും തീരുമാനിച്ചു.

തലശ്ശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ നവീകരണം നടക്കുകയും വാഹന ബാഹുല്യം ഏറുകയും ചെയ്തതോടെ മാടത്തിൽ കവല അപകടക്കെണിയായി മാറിക്കൊണ്ടിരിക്കുകയാണ്. കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ ഇടിച്ചു പരിക്ക് പറ്റുന്നതിനോടൊപ്പം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. പ്രധാന പാതയിൽ നിന്ന് എടൂർ, കീഴ്പ്പള്ളി, കരിക്കോട്ടക്കരി ഭാഗങ്ങളിലേക്ക് തിരിഞ്ഞു പോകുന്ന സ്ഥലത്താണ് അപകടങ്ങൾ കൂടിവരുന്നത്. അന്തർസംസ്ഥാന പാതയിലൂടെ അമിതവേഗതയിൽ പോകുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഇവിടെ മുന്നറിയിപ്പ് ബോർഡുളോ മറ്റ് സംവിധാനങ്ങളോ ഇല്ല. ടൗണിലെ ഓട്ടോറിക്ഷകളുടെയും മറ്റ് ടാക്സികളുടെയും പാർക്കിംഗ് ഉൾപ്പെടെ പരിഷ്കരിക്കേണ്ടതും അനിവാര്യമായി വന്നിരിക്കുകയാണ്. വൈകുന്നേരങ്ങളിലും രാവിലെയും മാടത്തിൽ ടൗണിൽ ഗതാഗതക്കുരുക്കും പതിവായി മാറി. ഇതെല്ലാം കണക്കിലെടുത്താണ് അനുദിനം വളർന്നുകൊണ്ടിരിക്കുന്ന മാടത്തിൽ ടൗണിൽ
ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ അധികൃതർ ഒരുങ്ങുന്നത്. 

 ഇവിടെ നടപ്പിലാക്കേണ്ട ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടന യൂണിയൻ നേതാക്കളുടെയും യോഗം വ്യാഴാഴ്ച നടന്നു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ പരിഷ്കരണങ്ങൾ നടത്തുവാൻ യോഗത്തിൽ തീരുമാനമായി .
ഇപ്പോഴെത്തെ അശാസ്ത്രീയ ഓട്ടോ-ടാക്സി പാർക്കിംഗ് സൗകര്യ പ്രദമായ സ്ഥലത്ത് മാറ്റുവാൻ തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങൾക്കും , പ്രൈവറ്റ് വ്യക്തികൾക്കും ബുദ്ധിമുട്ട് ഇല്ലാത്ത വിധത്തിൽ ക്രമീകരണം നടപ്പിലാക്കും. ഗുഡ്സ് വാഹനങ്ങൾ സറാനോ റസിഡൻസിക്ക് മുൻപിൽ പാർക്കിംഗ് ചെയ്യുവാൻ തീരുമാനിച്ചു. എടുർ റോഡിൽ ബസ്സ് സ്റ്റോപ്പ് പഞ്ചായത്ത് ലൈബ്രറിക്ക് മുൻപിൽ മാറ്റി ആളുകളെ കയറ്റാനും - ഇറക്കാനും തിരുമാനിച്ചു. എടൂർ റോഡ് ആരംഭം മുതൽ ബിൽഡ് ഡെക്കർ വരെയും,
ബേക്ക് പോയിന്റ് ബേക്കറി മുതൽ കള്ള് ഷാപ്പ് വരെയും, ഇരിട്ടി ഭാഗത്തേക്ക് ഉള്ള ബസ് സ്റ്റോപ്പ് പരിസരം വരെയും
നോ പാർക്കിംഗ് ഏരിയകളിൽ മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കും.

കൂട്ടുപുഴ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ സ്റ്റോപ്പിൽ തന്നെ നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ടൗണിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കരുത്. പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമായി മുഴുവൻ വ്യാപാര സ്ഥാപനങ്ങളും സഹകരിക്കുവാൻ തീരുമാനിച്ചു. മാടത്തിയിലെ ഓട്ടോ-ടാക്സി കൾക്ക് പഞ്ചായത്തിന്റെ നമ്പർ പതിക്കുവാൻ ആവശ്യമായ നടപടികൾ മോട്ടോർ - വാഹന - പോലീസ് വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുവാനും , ഗതാഗതത്തിന് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ വഴിയോര കച്ചവടത്തിന് ആവശ്യമായ ക്രമീകരണം നടത്തുവാനും ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ വിപുലമായ യോഗം നടത്തുവാനും തീരുമാനിച്ചു. കെ എസ് ടി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൂർത്തീകരിക്കേണ്ട പ്രവ്യത്തികൽ പൂർത്തീകരിക്കുവാൻ ഉള്ള നടപടികൾ സ്വീകരിക്കും.

സ്ഥിരം വാഹന അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി പരിശോധിച്ച് ആവശ്യമായ മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു. ടൗണിൽ അലക്ഷ്യമായ പാർക്കിംഗ് അനുവദിക്കില്ല. ഇതോടൊപ്പം മാടത്തിൽ ടൗണിൽ വ്യാപാരികളുടെയും , സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പൂച്ചെടികളും, ഫല വ്യക്ഷ തൈകളും വച്ച് പിടിപ്പിച്ചു ടൗൺ ആകർഷകമായ രീതിയിൽ സൗന്ദര്യ വൽക്കരിക്കുവാനും, കടകളുടെ മുൻപിൽ വെയ്സ്റ്റ് ബിൻ സ്ഥാപിക്കുവാനും തീരുമാനിച്ചു.
യോഗത്തിൽ പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്അഡ്വ: എം വിനോദ് കുമാർ , ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരി, മോട്ടോർ വാഹന വകുപ്പ് എ എം വി ഐ ഷിജി, പഞ്ചായത്ത് സെക്രട്ടറി ടി.ഡി. തോമസ്, വാർഡ് മെമ്പർ പി. സാജിത്, സി. മനീഷ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വ്യാപാരി നേതാക്കൾ, ഓട്ടോറിക്ഷ, ടാക്സി ഉൾപ്പെടെയുള്ളവയുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement