ചേർത്തല: ശക്തമായ കാറ്റിലും മഴയിലും തിരുനല്ലൂരിൽ 110 കെവി ലൈൻ പൊട്ടിവീണു. സമീപത്തെ വീട്ടിലേക്കുള്ള ഇലക്ട്രിക്ക് ലൈനിൽ പതിച്ച് കറണ്ട് പോയതിനാൽ വൻ ദുരന്തം ഒഴിവായി. തിരുനല്ലൂർ പോസ്റ്റോഫീസ് ജംഗ്ഷന് പടിഞ്ഞാറുവശം ചുഴികാട്ട് ഷാജിയുടെ വീടിന് തെക്കുവശത്തെ ടവറിൽ നിന്നാണ് ചൊവ്വാഴ്ച്ച രാത്രി ഒരു ലൈൻ നിലത്തേക്ക് പതിച്ചത്.
ഷാജിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ലൈനിൽ ടവർ ലൈൻ പതിച്ച് കറണ്ട് പോയതിനാൽ ടവർ ലൈനുകൾക്ക് താഴെയുള്ള വീടുകളും താമസക്കാരും വൻദുരന്തത്തിൽ നിന്ന് രക്ഷപെട്ടു. രാത്രി വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടതായി ടവർ ലൈനിന് താഴെ താമസിക്കുന്നവർ പറഞ്ഞു. ഇടിവെട്ടും മഴയും ഉണ്ടായിരുന്നതിനാൽ ആരും വീടിന് പുറത്തിറങ്ങി നോക്കിയില്ല.
ലൈൻ പൊട്ടിവീണ് പോസ്റ്റ് ഒടിഞ്ഞ നിലയിലും ടവർ ലൈൻ വീടുകൾക്ക് തൊട്ടുമുകളിൽ കിടക്കുന്നതുമാണ് വീട്ടുകാർ പുലർച്ചെ കണ്ടത്. ഉടൻ വൈദ്യുതി ബോർഡ് അധികൃതരെ അറിയിക്കുകയായിരുന്നു. തൈക്കാട്ടുശേരിയിൽ നിന്ന് തിരുവിഴ സ്റ്റീൽ പ്ലാൻ്റിലേക്ക് പോകുന്ന ലൈനാണിത്. ലൈനിന് താഴെ താമസിക്കുന്നവർക്ക് ഒരു സുരക്ഷയുമിലെന്ന് പരാതിയുണ്ട്.
ഈ മാസം ആദ്യവാരം ഇപ്പോൾ ലൈൻ പൊട്ടിവീണ ഭാഗത്തെ ഒരു വീട്ടിൽ മരച്ചില്ലയിൽ കാറ്റത്ത് ലൈൻ മുട്ടി പൊട്ടിത്തെറിക്കുന്നതായി ദിവസങ്ങളോളം പരാതി പറഞ്ഞിട്ടാണ് ഉദ്യോഗസ്ഥർ വന്ന് നോക്കിയത്. വീണ്ടും ആഴ്ചകൾക്ക് ശേഷം മാത്രമാണ് മരക്കമ്പ് മുറിച്ച് നീക്കാൻ ഇവർ തയ്യാറായതെന്ന് വീട്ടുകാർ ആരോപിച്ചു. മുൻപ് എല്ലാ വർഷവും ലൈനിൽ മുട്ടാൻ സാധ്യതയുള്ള മരച്ചില്ലകൾ വെട്ടിമാറ്റാൻ വരുമായിരുന്നെന്നും ഇപ്പോൾ അത് കൃത്യമായി നടക്കാറില്ലെന്നും അവർ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ഇതേ ലൈൻ ചെങ്ങണ്ട കല്ല്യാണ വളവിൽ പൊട്ടിവീണ് വീട്ടുമുറ്റത്തുനിന്ന കശുമാവ് കത്തിനശിച്ചിരുന്നു. മാവിന് പരിസരത്ത് ചകിരി പിരിച്ചു കൊണ്ടിരുന്ന വീട്ടമ്മ അത്ഭുതകരമായാണ് അന്ന് രക്ഷപെട്ടത്.
إرسال تعليق