കാർഷിക നിയമം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; പഠിക്കാൻ നാലംഗ സമിതി






ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവാദമായ 3 കാർഷിക നിയമങ്ങളും നടപ്പിലാക്കുന്നത് നിർത്തി വെക്കുകയാണ് എന്ന് സുപ്രീംകോടതി വിധിന്യായത്തിൽ വ്യക്തമാക്കി. വാർഷിക നിയമങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ നാലംഗ സമിതിക്കും രൂപംനൽകി.
തിങ്കളാഴ്‌ച ചീഫ് ജസ്‌റ്റിസ്‌ എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളും കർഷക സമരം സഞ്ചാര സ്വാതന്ത്ര്യത്തിന് തടസമാണെന്നുള്ള ഹരജികളും കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം.
നിയമം താല്‍കാലികമായി റദ്ദാക്കാനുള്ള ഭരണഘടനാപരമായ അധികാരം തങ്ങള്‍ക്കുണ്ട്. എന്നാല്‍ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. അതിനാലാണ് വിദഗ്‌ധ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. വിദഗ്ധ സമിതിയുടെ തീരുമാനം.അറിഞ്ഞ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു.
കര്‍ഷകരുടെ ഭൂമി സംരക്ഷിക്കും. കരാര്‍ കൃഷിക്കായി ഭൂമി വില്‍ക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കും. സമിതിയിലെ അംഗങ്ങളെ തങ്ങള്‍ തീരുമാനിക്കുമെന്നും സുപ്രീംകോടതി വ്യക്‌തമാക്കി. കര്‍ഷകര്‍ സഹകരിച്ചേ മതിയാകൂ ഇതു രാഷ്‌ട്രീയമല്ല. ഞങ്ങള്‍ രൂപം കൊടുക്കുന്ന സമിതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ജുഡീഷ്യല്‍ നടപടിക്രമങ്ങളില്‍ ഈ സമിതിയും ഭാഗമാകും. നിയമങ്ങള്‍ മരവിപ്പിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. എന്നാല്‍ ശൂന്യമായ ഒരു ആവശ്യത്തിനു വേണ്ടിയാകരുത് നിയമങ്ങള്‍ മരവിപ്പിക്കേണ്ടതെന്നും ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു.
സമിതി ആരെയെങ്കിലും ശിക്ഷിക്കുകയോ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ ഇല്ല. അവര്‍ ഒരു റിപ്പോർട് നല്‍കുകയാണ് ചെയ്യുക. സംഘടനകളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കും. കൃത്യമായ ചിത്രം കോടതിക്ക് ലഭിക്കുന്നതിനാണ് സമിതിയെ വെക്കുന്നത്. ഞങ്ങള്‍ക്കു പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അതിന് നിലവിലെ സാഹചര്യം മനസിലാക്കണം. സമിതിയില്‍ പോകില്ലെന്ന തരത്തിലുള്ള ഒരു വാദവും കേള്‍ക്കേണ്ട. പ്രശ്‌നം പരിഹരിക്കുന്നതിനാണ് നോക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Post a Comment

أحدث أقدم

Join Whatsapp

Advertisement