കാലിക്കറ്റ് സർവകലാശാലയിൽ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി; ഹൈക്കോടതി സ്റ്റേ ചെയ്തു





കാലിക്കറ്റ് സർവകലാശാലയിൽ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമന അധികാരം പിഎസ്‌സിക്കാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. അതേസമയം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചുവടുപിടിച്ച് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ യുവജന സംഘടനകൾ വിവിധ സർവകലാശാലാ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തി.

ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് കാലിക്കറ്റ് സർവകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിൻഡിക്കേറ്റ് ഉത്തരവ് സ്റ്റേ ചെയ്തത്. സർവകലാശാലകളിലെ അനധ്യാപകനിയമനം പിഎസ്‌സിക്ക് വിടുകയും വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്തിരുന്നു. അതിനാൽ ഇതിൽ നിയമനം നടത്താൻ പിഎസ്‌സിക്കാണ് അധികാരമെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സ്ഥിരപ്പെടുത്തൽ സുപ്രിംകോടതി വിധിന്യായത്തിന്റെ ലംഘനമാണെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

എന്നാൽ, സ്ഥിരപ്പെടുത്തിയവർക്ക് താത്ക്കാലിക ജീവനക്കാരായി തന്നെ തുടരാമെന്ന് കോടതി കൂട്ടിച്ചേർത്തു. ഇതിനിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചുവടുപിടിച്ച് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ യുവജന സംഘടനകൾ വിവിധ സർവകലാശാലാ കേന്ദ്രങ്ങളിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി.

ഇക്കഴിഞ്ഞ ഡിസംബർ 30ന് ചേർന്ന കാലിക്കറ്റ് സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗമാണ് 35 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. പത്തുവർഷത്തിലധികമായി സർവകലാശാലയിൽ പ്രവർത്തിക്കുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്. സംസ്ഥാന സർക്കാർ സമാന രീതിയിൽ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിൻഡിക്കേറ്റ് തീരുമാനം.

Post a Comment

أحدث أقدم

Join Whatsapp

Advertisement