നാട്ടുക്കാരും, സഞ്ചാരികളും പയംകുറ്റി മലയെ വടകരയുടെ ഊട്ടിയെന്നാണ് വിളിക്കുന്നത്. അതിൽ തെല്ലും സംശയം വേണ്ട പയംകുറ്റി മലയിലെത്തിയാൽ ഊട്ടിയിലെത്തിയ അതേ പ്രതീതിയാണ് നമുക്കുണ്ടാവുക. വടകര ടൗണിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരം മാത്രമേ പയംകുറ്റി മലയിലേക്കുള്ളൂ.നിങ്ങൾക്ക് ബൈക്കിലോ, ജീപ്പിലോ, ബസ്സിലോ ഈ സ്ഥലത്തേക്ക് പോകാവുന്നതാണ്.
വടകരയിൽ തിരുവള്ളൂർ റോഡ് മുത്തപ്പൻ ടെംപിൾ സ്ഥിതി ചെയ്യുന്നിടത്താണ് പയംകുറ്റി മല.എന്ത് കൊണ്ടായിരിക്കും ഈ മലയെ വടകരയുടെ ഊട്ടിയെന്ന് വിളിക്കുന്നത്? എന്തായിരിക്കും ഈ മലയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്? അത് മറ്റൊന്നുമല്ല മലയുടെ ഉയരം തന്നെയാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2000 അടി മുകളിലായിട്ടാണ് പയംകുറ്റി മല സ്ഥിതി ചെയ്യുന്നത്. ആ ഉയരത്തിൽ നിന്നും വടകരയിലേയും സമീപപ്രദേശങ്ങളിലേയും കാഴ്ച്ചകൾ ആസ്വദിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.അത് മാത്രമല്ല പയംകുറ്റി മലയിൽ നിന്നും സൂര്യോദയവും അസ്തമയവും കാണാൻ അധിക ദിവസങ്ങളിലും സഞ്ചാരികൾ എത്താറുണ്ട്, അത്രയും മനോഹരമാണ് ആ കാഴ്ച്ചകൾ. മലയുടെ മുകളിൽ നിന്ന് നോക്കിയാൽ സൂര്യൻ കടലിൽ നിന്നും പൊങ്ങി വരുന്നതും വൈകുന്നേരമായാൽ കടലിലേക്ക് മുങ്ങി താഴുന്നതും കാണാം. ഒപ്പം മലയ്ക്ക് മുകളിലെ കാറ്റും തണുപ്പും പ്രകൃതിയുടെ ശീൽക്കാരങ്ങളും ഈ കാഴ്ച്ചയുടെ ഭംഗി കൂട്ടുന്നു.
ഒരിക്കലിവിടെ വന്നവർ വീണ്ടും വീണ്ടും ഈ ഇടത്തിലേക്ക് തിരിച്ചു വരുന്നതിന് പിന്നിലുള്ള മാജിക് മറ്റെവിടെയും കിട്ടാത്ത പ്രകൃതി ഒരുക്കിയ ഈ കാഴ്ച്ചകളാണെന്ന് പറയാം .അത്രയും മനോഹരമായ കാഴ്ച്ചകളാണ് പയംകുറ്റി മല സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. വടകര ടൗണിൽ നിന്നും വെറും 5 കിലോമീറ്റർ മാത്രം ദൂരത്തിലാണെങ്കിൽ പോലും ശുദ്ധവായു ശ്വസിച്ചിരിക്കാവുന്ന മനോഹരമായൊരിടം കൂടിയാണ് പയംകുറ്റി മല.ഇതൊന്നുമല്ലാതെ കൊല്ലാകൊല്ലം ഇവിടെ നടക്കുന്ന തിറയും ഉത്സവവും കൂടാൻ മാത്രം സഞ്ചാരികൾ മല കയറി എത്താറുണ്ട്. ഇന്ന് മുത്തപ്പന്റെ പ്രസാദവും, തിറയും മറ്റ് സാംസ്കാരിക പരിപാടികളും സഞ്ചാരികൾ വഴി ജനങ്ങൾക്കിടയിൽ ഏറെ പ്രശസ്തമാണ്.
പയംകുറ്റി മലയിലെ വൈകുന്നേരങ്ങൾ വർണ്ണനകൾക്കും അപ്പുറത്താണ്.മല മുകളിലെ ആകാശവും അങ്ങ് ദൂരെ കാണുന്ന കടലും ഒന്നു തന്നെയല്ലേയെന്ന് തോന്നിപ്പിക്കുന്ന കാഴ്ച്ചയാണ് പയംകുറ്റി മലയുടെ പ്രത്യേകത. മല മുകളിലെ പച്ചപ്പും പക്ഷിക്കൂട്ടങ്ങളും, കാറ്റും പ്രകൃതിയുടെ ശീൽക്കാരങ്ങളും തണുപ്പും, രാത്രിയിൽ കറുത്ത കടല് പോലെ നക്ഷത്രങ്ങളെ ചുമന്ന് നിൽക്കുന്ന ആകാശവും പയംകുറ്റി മലയെ സ്വർഗ്ഗീയ അനുഭവമായ് മാറ്റുന്നു.അറബിക്കടലും, വെള്ളിയാംകല്ലും, തിക്കോടി ലൈറ്റ് ഹൗസും, ഇത്തിരി കൂടി ശ്രദ്ധയോടെ നോക്കിയാൽ ഒരു പൊട്ട് പോലെ വയനാടൻ മല നിരയും നമുക്ക് പയംകുറ്റി മലയുടെ ഉയരങ്ങളിരുന്ന് ആസ്വദിക്കാം.
പയംകുറ്റി മലയിൽ ഒട്ടനവധി ട്രെക്കിങ്, ക്യാമ്പിങ് നൈറ്റ്‌സ് പരിപാടികൾ നടക്കാറുണ്ട്. അല്ലാതെയും സഞ്ചാരികൾ മല മുകളിൽ ടെന്റ് കെട്ടി ദിവസങ്ങളോളം തങ്ങാറുണ്ട്.ഈ തിരക്കേറിയ ജീവിതത്തിൽ നിന്നും ഒന്ന് മാറി നിൽക്കാൻ പറ്റിയ ഇടം കൂടിയാണ് പയംകുറ്റി മല.ഊട്ടിയിൽ പോകാൻ നിങ്ങൾക്ക് സമയമില്ലേ? പണമില്ലേ? ഒട്ടും വിഷമിക്കേണ്ട വടകരയുടെ ഊട്ടി നിങ്ങൾക്ക് തൊട്ടടുത്തുണ്ട്.
إرسال تعليق