കണ്ണൂര്‍: മാല മോഷണശ്രമത്തിനിടെ നാടോടി സ്ത്രീകള്‍ പിടിയിലായി. തമിഴ്നാട് തൂത്തുക്കുടി അണ്ണാ നഗര്‍ സ്വദേശികളായ സ്ത്രീകളാണ് പിടിയിലായത്. നന്ദിനി ( 25 ), ഗീത (29), പരമേശ്വരി (24) എന്നിവര്‍ക്കെതിരെ എടക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ വൈകുന്നേരം ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തലശ്ശേരിയില്‍ നിന്നും ചക്കരക്കല്ലിലേക്ക് പോവുകയായിരുന്ന ബസ്സിലാണ് മോഷണശ്രമം നടന്നത്. യാത്രക്കാരിയായിരുന്ന കടമ്പുര്‍ രഹില്‍ നിവാസിലെ എ. പത്മാവതിയുടെ മാലയാണ് സംഘം കവരാന്‍ ശ്രമിച്ചത്. 3.25 പവന്‍ സ്വര്‍ണ്ണ താലി മാല മൂന്നുപേരും ചേര്‍ന്ന് പൊട്ടിച്ച് എടുത്തു.മാല നഷ്ടമായ സാഹചര്യത്തില്‍ പൊലീസിനെ വിവരം അറിയിച്ചു. ബസ്സിലെ യാത്രക്കാരായിരുന്ന മൂന്ന് സ്ത്രീകളെയും സംശയം തോന്നിയ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്നാണ് തമിഴ്നാട് സ്വദേശികളായ നാടോടി സ്ത്രീകളില്‍നിന്ന് താലിമാല കണ്ടെടുത്തത്. കണ്ണോത്തും യുപി സ്കൂള്‍ ബസ് സ്റ്റോപ്പിനടുത്ത് വെച്ച് വൈകുന്നേരം 6.25 ഓടെയാണ് പ്രതികള്‍ പിടിയിലായത്.
മാല നഷ്ടമായ പത്മാവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق