വിശ്രമിക്കാൻ പോലും വൃത്തിയായ ഇടമില്ലാതെ വാടക കെട്ടിടത്തിൽ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ഇരിട്ടി അഗ്നി രക്ഷാ നിലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു . ഇതിനായി പയഞ്ചേരിയിൽ പൊതുമരാമത്ത് വകുപ്പന്റെ ഉടമസ്ഥതയിലുള്ള ഭൂമി പതിച്ചു നൽകുവാനുള്ള നടപടികളാണ് ആരംഭിച്ചത്. പയഞ്ചേരി - വികാസ് നഗർ റോഡിൽ കൊറയോട് ചേർന്ന 1.40 ഏക്കർ ഭൂമിയിൽ 40 സെന്റ് ഭൂമി അഗ്നി രക്ഷാ നിലയത്തിന് പതിച്ചു നൽകാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത് . വ്യാഴാഴ്ച താലൂക്ക് സർവ്വെയറുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തുകയും അതിർത്തികൾ നിർണ്ണയിക്കുകയും ചെയ്തു .
2010 ഡിസംബറിൽ പ്രവർത്തനം തുടങ്ങി 10 വർഷത്തോളമായി നേരംപോക്ക് റോഡിലെ പഴയ ആസ്പത്രി കെട്ടിടത്തിലാണ് അഗ്നിരക്ഷാ നിലയം പ്രവർത്തിക്കുന്നത്. ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഈ കെട്ടിടം. പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലെ ഇടുങ്ങിയ മുറികളിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ശക്തമായ മഴപെയ്താൽ മഴവെള്ളം ഇരച്ചു കയറുക പതിവാണ്. റോഡിനേക്കാൾ താഴ്ന്ന് കിടക്കുന്ന കെട്ടിടത്തിന്റെ മുറ്റം മുഴുവൻ ചെളിക്കുളമാകുകയും മുറിക്കുള്ളിൽ വിശ്രമിക്കാൻ പോലും കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും. പരിമിതമായ സൗകര്യത്തിലാണ് രണ്ട് ഫയർ എഞ്ചിനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ നിർത്തിയിടയുന്നത് . കഴിഞ്ഞ രണ്ട് പ്രളയത്തിലും ഓഫീസിൽ വെള്ളം കയറി ഫയലുകളും ഉപകരണങ്ങളുമെല്ലാം നശിച്ചിരുന്നു. കൂടാതെ മേഖലയിൽ നിന്നും അപകടവാർത്തയെത്തിയാൽ ഇടുങ്ങിയ തിരക്കുപിടിച്ച നേരമ്പോക്ക് റോഡിലൂടെ ഫയറെഞ്ചിനുകൾ കടത്തി കൊണ്ടുപോകുക ഒരു സാഹസ പ്രവർത്തിയാണ്.
പ്രതി വർഷം 200ഓളം കേസുകളാണ് ഇരിട്ടി നിലയം കൈകാര്യം ചെയ്യുന്നത്. മലയോര മേഖലയായതിനാൽ വേനൽക്കാലത്ത് ഉണ്ടാകുന്ന തീപിടിത്തവും മഴക്കാലത്ത് മരം കടപുഴകി വീണ് ഉണ്ടാകുന്ന അപകടങ്ങളും ഏറെയാണ്. ഇരിട്ടി നഗരസഭയും ഉളിക്കൽ, പയ്യാവൂർ, ആറളം, അയ്യൻകുന്ന്, പായം പഞ്ചായത്തുകളും മുഴക്കുന്ന്, തില്ലങ്കേരി , പടിയൂർ പഞ്ചായത്തിന്റെ പകുതിയോളം ഭാഗങ്ങളും ഇരിട്ടി അഗ്നി രക്ഷാ നിലയത്തിന്റെ പരിധിയിലാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ തീരെ പരിമിതവും.
ഇതിനെല്ലാം പരിഹാരമെന്ന നിലയിൽ അഗ്നിരക്ഷാ നിലയത്തിന് സ്വന്തമായി കെട്ടിടം പണിയാനുള്ള സ്ഥലത്തിനായി അന്വേഷണം തുടങ്ങിയിട്ട് വർഷങ്ങളായി. പയഞ്ചേരി- വികാസ് നഗർ റോഡിലെ പഴയ കരിങ്കൽ ക്വാറി പ്രദേശം ഇതിനു അനുയോജ്യമാണെന്ന് മുൻപേ കണ്ടെത്തുകയും അത് വിട്ടു കിട്ടുവാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തിരുന്നു.
1933 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ ഇരിട്ടി പാലം നിർമ്മാണത്തിനായി കരിങ്കല്ലുകൾ പൊട്ടിച്ചെടുത്ത സ്ഥലമായിരുന്നു ഇത്. ഇരിട്ടി- പേരാവൂർ റോഡ് മുതൽ റോഡും ക്വാറി നിന്ന പ്രദേശവും ഉൾപ്പെടെയുള്ള ഭാഗം പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായി. സ്ഥലത്തിന്റെ അതിര് അവസാനിക്കുന്ന ഭാഗത്ത് 40 സെന്റ് വിട്ടു നൽകാൻ പൊതുമാരാമത്ത് വകുപ്പ് നേരത്തെ ഒരുക്കമായിരുന്നു. എന്നാൽ അതിരിന്റെ അവസാന ഭാഗത്ത് ഓഫീസും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാൽ ഭാവിയിൽ മറ്റ് പദ്ധതികൾക്ക് പ്രദേശത്ത് അനുമതി കൊടുത്താൽ അത് അഗ്നി രക്ഷാ നിലയത്തിന്റെ പ്രവർത്തനത്തിന് തടസമാകുമെന്ന് പറഞ്ഞ് അധികൃതർ നിരസിക്കുകയായിരുന്നു. ഇപ്പോൾ ചില ഇടപെടലുകളുടെ ഭാഗമായാണ് അനുയോജ്യമായ ഭാഗം വിട്ടുനൽകാൻ പൊതുമരാമത്ത് വകുപ്പ് തെയ്യാറായതെന്നാണ് അറിയുന്നത് . ഇരിട്ടി സ്‌റ്റേഷൻ ഓഫീസർ സി.പി. രാജേഷ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി . മോഹനൻ എന്നിവരും താലൂക്ക് സർവ്വേയറും ചേർന്നാണ് വ്യാഴാഴ്ച സ്ഥലപരിശോധന നടത്തിയത്.
إرسال تعليق