ന്യൂഡൽഹി:പുതിയ സ്വകാര്യ നയമാറ്റത്തെ തുടർന്ന് വാട്സാപ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. ഇതോടെ മറ്റൊരു മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിന്റെ ഇന്ത്യയിലെ ഡൗൺലോഡിങ് കുത്തനെ കൂടിയിട്ടുണ്ട്. അതേസമയം, ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന ഭീതിയിൽ പുതിയ നിയമം ഫെയ്സ്ബുക്ക് നീക്കം ചെയ്തേക്കുമെന്നും സൂചനയുണ്ട്.ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് നിലവിൽ ആഗോളതലത്തിൽ 200 കോടി സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്.
സിഗ്‌നൽ പ്രൈവറ്റ് മെസഞ്ചർ ആപ്ലിക്കേഷൻ ഇപ്പോൾ ആപ്പിളിന്റെ ഇന്ത്യയിലെ ആപ്പ് സ്റ്റോറിലെ ‘മികച്ച സൗജന്യ അപ്ലിക്കേഷനുകൾ’ ലിസ്റ്റിൽ ഒന്നാമതാണ്. വാട്സാപ് മൂന്നാം സ്ഥാനത്താണ്. സിഗ്നലിന് ലഭിക്കുന്ന ജനപ്രീതിയെയാണ് ഇത് കാണിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയെ ഞങ്ങൾ മാനിക്കുമെന്ന് സിഗ്നൽ അറിയിച്ചിട്ടുണ്ട്.
പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്ന പുതിയ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി സിഗ്‌നൽ വക്താവ് പറഞ്ഞു. ഇതിനാൽ തന്നെ പുതിയ അക്കൗണ്ടുകളുടെ ഫോൺ നമ്പർ പരിശോധനയിൽ കാലതാമസം നേരിടുന്നുണ്ടെന്നും സിഗ്നൽ പറയുന്നു. ലാഭേച്ഛയില്ലാത്ത സിഗ്നൽ ഫൗണ്ടേഷൻ നടത്തുന്ന ആപ്ലിക്കേഷൻ പരീക്ഷിക്കാൻ താൽപ്പര്യമുള്ള നിരവധി പുതിയ ഉപയോക്താക്കൾ ഓരോ സെക്കന്റിലും എത്തുന്നുണ്ട്.
ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. വാട്സാപ്പിൽ നിന്ന് വ്യത്യസ്തമായി സിഗ്നൽ ഐപാഡിലും ലഭ്യമാണ്. കൂടാതെ ഉപയോക്താക്കൾക്ക് വിൻഡോസ്, ലിനക്സ്, മാക് എന്നിവയിൽ സിഗ്നൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനും കഴിയും
إرسال تعليق