റേഷന്‍ കാര്‍ഡ് ഇനി ഇ – കാര്‍ഡിലേക്ക്; നടപടികള്‍ ആരംഭിച്ചതായി മന്ത്രി പി തിലോത്തമൻ








ആലപ്പുഴ: പുസ്തകരൂപത്തിലുള്ള റേഷന്‍ കാര്‍ഡ് മാറ്റി പോക്കറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഇ-കാര്‍ഡിലേക്ക് മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി മന്ത്രി പി തിലോത്തമന്‍. ഹരിപ്പാട് റവന്യൂ ടവറിലെ നവീകരിച്ച കാര്‍ത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണന പട്ടികയില്‍ വരാനുള്ള ചില മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്ത കാന്‍സര്‍ രോഗികള്‍ പോലെയുള്ളവര്‍ക്ക് പട്ടികയില്‍ ഇടം നല്‍കാന്‍ ശ്രമിക്കുമെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

‘ഭക്ഷ്യ ഭദ്രതാ നിയമം കൊണ്ടുവന്നതോടെ കേരളത്തിന്റെ ഭക്ഷ്യവിതരണ രംഗത്ത് വളരെ വിപുലമായ മാറ്റമാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്. കേന്ദ്ര വിഹിതമായ ധാന്യം എല്ലാ മാസവും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ശേഖരിച്ച് സംസ്ഥാന ഗോഡൗണുകളില്‍ സൂക്ഷിച്ച് റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് എഫ് സി ഐ യില്‍ നിന്ന് അധിക വില നല്‍കി അന്‍പതിനായിരത്തോളം ടണ്‍ ധാന്യം എല്ലാ മാസവും സ്വീകരിച്ച് അത് സബ്‌സിഡി നിരക്കിലും വിതരണം ചെയ്യുന്നുണ്ട്. കൊവിഡിനു മുന്‍പ് ഉണ്ടായിരുന്നതിന്റെ ഇരട്ടി ധാന്യ ശേഖരണവും വിതരണവും കൊവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ഒന്‍പത് മാസമായി കൃത്യമായി ഈ സര്‍ക്കാര്‍ നടത്തിവരുന്നു.’- മന്ത്രി പറഞ്ഞു.

‘ഇത്തരത്തിലുള്ള അധിക വിഹിത വിതരണത്തിലും 100% കൃത്യത പാലിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് എഫ് സി ഐ ജനറല്‍ മാനേജര്‍ അഭിപ്രായപ്പെട്ടു. ഭക്ഷ്യ വിതരണ വകുപ്പിന്റെ എല്ലാ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമര്‍പ്പിതമായ പ്രയത്‌നത്തിന് ഫലമായിട്ടാണ് ഇത് സാധ്യമായത്. ഇതുമൂലം അരിവില കൂടാതെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചെന്നും സംസ്ഥാനം പട്ടിണിയിലേക്ക് പോകാതെ ആവശ്യത്തിലധികം ധാന്യം എല്ലാ വീടുകളിലും എത്തിക്കാന്‍ സാധിച്ചു.’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement